സൗമ്യ വധക്കേസ്: മാര്‍ക്കണ്ഡേയ കട്ജു 11ന് ഹാജരാകും; കോടതിയുടെ നോട്ടീസ് ലഭിച്ചെന്ന് കട്ജു

single-img
23 October 2016

 

katju1-ksxh-621x414livemint-ffb2

സൗമ്യ വധക്കേസില്‍ സുപ്രിംകോടതിയുടെ നോട്ടീസ് ലഭിച്ചെന്നും നവംബര്‍ 11ന് കോടതിയില്‍ ഹാജരാകുമെന്നും മുന്‍ സുപ്രിംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അറിയിച്ചു. സൗമ്യവധക്കേസ് വിധിയില്‍ കോടതിയെ പരസ്യമായി വിമര്‍ശിച്ച കട്ജു നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഭരണഘടന വിലക്കുള്ളതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കട്ജു മറുപടി പറഞ്ഞത്. പിന്നീട് ഭരണഘടന അനുവദിച്ചാല്‍ കോടതിയിലെത്താമെന്നും അദ്ദേഹം പറഞ്ഞു. സൗമ്യ വധക്കേസില്‍ കഴിഞ്ഞമാസം 15ന് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കണമെന്നും പരസ്യവാദം വേണമെന്നുമായിരുന്നു കട്ജു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. ഈ ഫേസ്ബുക്ക് പോസ്റ്റ് പുനപരിശോധന ഹര്‍ജിയാക്കി മാറ്റാന്‍ സുപ്രിംകോടതി സ്വമേധയാ തീരുമാനിക്കുകയും ചെയ്തു.

കൂടാതെ സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി തെറ്റാണെന്ന നിലപാട് കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരിക്കാനും സുപ്രിംകോടതിയുടെ മൂന്നംഗ ബഞ്ച് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് അടുത്തമാസം ഹാജരാകാന്‍ നോട്ടീസ് അയച്ചത്.

സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവ് സുമതി ഗണേഷും നല്‍കി പുനപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സുപ്രിംകോടതിയിലെ മുന്‍ ജഡ്ജി കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുകയെന്ന അസാധാരണ നടപടിയുണ്ടായിരിക്കുന്നത്.