സംസ്ഥാന ബിജെപി നേതൃത്വത്തില്‍ പുതിയ പ്രതിസന്ധി; സമാന്തര പ്രവര്‍ത്തനം സജീവമാക്കി വി മുരളീധരന്‍

single-img
23 October 2016

 

v-muraleedharan-v1_2

ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ സമാന്തര പ്രവര്‍ത്തനം സജീവമാക്കി. നിലവിലെ പ്രസിഡന്റ് കുമ്മനം രാജശേഖരനും ആര്‍എസ്എസിനുമെതിരെയാണ് മുരളീധരന്റെ സമാന്തര പ്രവര്‍ത്തനം.

ആര്‍എസ്എസ് ഇടപെട്ടതിനാലാണ് മുരളീധരന് കേന്ദ്ര നേതൃത്വത്തില്‍ സ്ഥാനം ലഭിക്കാതെ പോയത്. ഇതാണ് കടുത്ത ആര്‍എസ്എസുകാരനായ കുമ്മനത്തെ അവഗണിച്ച് സമാന്തര പ്രവര്‍ത്തനം നടത്താന്‍ മുരളീധരനെ പ്രേരിപ്പിച്ചത്. കണ്ണൂരിലെ ആര്‍എസ്എസ് ആക്രണത്തിലും മുരളീധരന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഇത് ഔദ്യോഗികപക്ഷത്തെ ഞെട്ടിക്കുകയും ചെയ്തു. ഔദ്യോഗിക വക്താവിനെ മറികടന്ന് നയപരമായ കാര്യങ്ങളും രാഷ്ട്രീയ നിലപാടുകളും മുരളീധരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്തതോടെ തഴയപ്പെട്ട രണ്ടാം നിര നേതാക്കളുടെ പിന്‍ബലവും മുരളീധരനുണ്ട്.

കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍, പി എം വേലായുധന്‍, വി വി രാജേഷ് തുടങ്ങിയവരാണ് മുരളീധരനൊപ്പമുള്ളത്. കുമ്മനത്തിനും ആര്‍എസ്എസിനും വേണ്ടി നിലകൊള്ളുന്നവരില്‍ പ്രധാനി എംടി രമേശ് ആണ്. കണ്ണൂരിലെ ആര്‍എസ്എസ് ആക്രമണം സംബന്ധിച്ച് കഴിഞ്ഞ ദിവസം രമേശും മുരളീധരനും വ്യത്യസ്തമായി പ്രതികരിച്ചതാണ് പാര്‍ട്ടിയിലെ ഉള്‍പ്പോര് വെളിച്ചത്തുകൊണ്ടുവന്നത്.

കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ആരോടും യാചിക്കില്ലെന്ന് രമേശ് പറഞ്ഞപ്പോള്‍ ഏത് വിധേനയുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നാണ് മുരളീധരന്‍ പറഞ്ഞത്. കുമ്മനം ബിജെപി പ്രസിഡന്റായതിന് ശേഷം മണ്ഡലംതലങ്ങളിലെ ഭാരവാഹികളെ നിശ്ചയിച്ചത് ആര്‍എസ്എസ് ആണ്. ഇതോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പലര്‍ക്കും സ്ഥാനം നഷ്ടമാകുകയും ചെയ്തു. കുമ്മനം നേതൃസ്ഥാനത്ത് എത്തിയതോടെ നാട്ടില്‍ ആര്‍എസ്എസ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചെന്നും മുരളീധരനൊപ്പം നില്‍ക്കുന്നവര്‍ അടക്കം പറയുന്നുണ്ട്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായപ്പോള്‍ കേന്ദ്ര നേതൃത്വത്തിലേക്ക് കണ്ണുംനട്ടിരുന്ന മുരളീധരന്റെ പ്രതീക്ഷകള്‍ ആര്‍എസ്എസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അട്ടിമറിക്കപ്പെട്ടത്. അതേസമയം മുമ്പ് മുരളീധരനെ പിന്തുണച്ച ജെ നന്ദകുമാര്‍, സേതുമാധവന്‍ എന്നിവര്‍ ഇപ്പോള്‍ കൂറുമാറിയിരിക്കുകയാണ്. ആറ് വര്‍ഷം താന്‍ പ്രസിഡന്റായിരിക്കെ എടുത്ത നിലപാടുകളാണ് കേരളത്തില്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് മുരളീധരന്റെ വാദം. കടുത്ത വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നവര്‍ മുരളീധരനെ പിന്തുണ്ക്കുന്നതാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് തലവേദനയാകുന്നത്.