പാക് ഭീകരര്‍ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

single-img
22 October 2016

thermal-video_650x400_71477125139

ബുധനാഴ്ച രാത്രി ജമ്മു കാശ്മീരിലെ ഹിരാനഗറില്‍ പാക് ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. സംഭവത്തിന്റെ തെര്‍മല്‍ ദൃശ്യങ്ങളാണ് ബിഎസ്എഫ് പുറത്തുവിട്ടത്.

ബിഎസ്എഫ് പോസ്റ്റിന് നേരെ ഭീകരര്‍ ബോംബ് എറിയുന്നതും ശക്തമായ വെടിവയ്പ്പ് നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ആറ് ഭീകരരാണ് ആക്രമണത്തിനുണ്ടായിരുന്നതെന്നാണ് ദൃശ്യം പുറത്തുവിട്ടുകൊണ്ട് അതിര്‍ത്തി രക്ഷാ സേന അറിയിച്ചത്. ഇവര്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നും രാജ്യാന്തര അതിര്‍ത്തി വരെ എത്തുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഓട്ടോമാറ്റിക് തോക്കുകളും റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ഉടന്‍ തന്നെ ബിഎസ്എഫും തിരിച്ചടിച്ചു. ബുധനാഴ്ച രാത്രി 11.45ന് ആരംഭിച്ച ഏറ്റുമുട്ടല്‍ 20 മിനിറ്റോളം നീണ്ടുനിന്നു. ബുധനാഴ്ച രാത്രിമുതല്‍ പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക് റെയ്‌ഞ്ചേഴ്‌സ് നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു. ഇതിനിടെയിലാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഭീകരര്‍ക്ക് നുഴഞ്ഞു കയറാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

ഹിരാനഗറിലെ ആക്രമണത്തിന് ഇന്ത്യ ഇന്നലെ നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ഹിരാനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം ഇന്നലെ രാവിലെ വെടിയുതിര്‍ത്തതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഹിരാനഗറില്‍ നാല് ദിവസമായി സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.