പാക്കിസ്ഥാനി താരങ്ങളെ സിനിമയില്‍ സഹകരിപ്പിച്ചാല്‍ അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കണം

single-img
22 October 2016

 

raj-thackeray

മുംബൈ: ‘യെ ദില്‍ ഹെ മുശ്കില്‍’ എന്ന സിനിമയില്‍ പാക്ക് താരം ഫവാദ് ഖാന്‍ അഭിനയിച്ചതിനെ തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍നിന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പിന്മാറുന്നു.

ചിത്രത്തിന്റെ നിര്‍മാതാവായ കരണ്‍ ജോഹറുമായി എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായി ബച്ചന്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ദീപാവലിക്കു മുന്നോടിയായി ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

മേലില്‍ പാക്കിസ്ഥാനി താരങ്ങളുമായോ സാങ്കേതിക പ്രവര്‍ത്തകരുമായോ സഹകരിക്കില്ലെന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് എംഎന്‍എസിന്റെ നിലപാടു മാറ്റമെന്നാണു സൂചന. ചിത്രത്തിന്റെ ലാഭവിഹിതത്തില്‍നിന്ന് ഒരു പങ്ക് സൈനിക ക്ഷേമനിധിയിലേക്കു നല്‍കുമെന്നും അണിയറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

മാത്രമല്ല, സിനിമ തുടങ്ങുന്നതിനു മുമ്പ് രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന വാക്യവും പ്രദര്‍ശിപ്പിക്കും. ഉറി ആക്രമണത്തെ തുടര്‍ന്നാണ് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്കേര്‍പ്പെടുത്തണമന്ന് എംഎന്‍എസ് ഉള്‍പ്പെടെ ചില രാഷ്ട്രീയ കക്ഷികള്‍ വാദം ഉന്നയിച്ചത്.

പാക്കിസ്ഥാനി താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്വന്തം സിനിമയില്‍ സഹകരിപ്പിച്ചവര്‍ അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കേണ്ടിവരുമെന്ന് ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ രാജ് താക്കറെ പ്രതികരിച്ചു. ഭാവിയില്‍ പാക് താരങ്ങളുമായി ചേര്‍ന്നു സിനിമ ചെയ്യില്ലെന്ന് എഴുതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവിടെ നിന്നുള്ള താരങ്ങള്‍ക്ക് നാം ഇവിടെ സ്വീകരണം നല്‍കുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നും രാജ് താക്കറെ ചോദിച്ചു.

പാക് താരങ്ങളെ ഉള്‍പ്പെടുത്തിയ ചലച്ചിത്രങ്ങള്‍ക്കെതിരെ എംഎന്‍എസ് നേരത്തേമുതല്‍ നിലപാടെടുക്കുന്നതാണെങ്കിലും ഇപ്പോഴാണ് അതിലെ സാംഗത്യം ബോളിവുഡിനു പിടികിട്ടുന്നതെന്നും താക്കറെ അഭിപ്രായപ്പെട്ടു. നേരത്തെ, മേലില്‍ പാക് താരങ്ങളെ വച്ചു സിനിമയെടുക്കില്ലെന്നും ഈ ചിത്രം പുറത്തിറക്കാന്‍ അനുവദിക്കണമെന്നുമുള്ള കരണ്‍ ജോഹറിന്റെ അഭ്യര്‍ഥന എംഎന്‍എസ് തള്ളിയിരുന്നു. അതിനെതിരെ മള്‍ട്ടിപ്ലക്സുകള്‍ക്കു മുന്നില്‍ പ്രകടനവും നടത്തി.