തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ഇടതുതരംഗം: പതിനാലില്‍ പത്തും ഇടതിന്; നാലെണ്ണം പിടിച്ചെടുത്തത്

single-img
22 October 2016

 

കൊല്ലം നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ നൗഷാദിന്റെ ആഹ്ലാദ പ്രകടനം. എം നൗഷാദ് എംഎല്‍എ സമീപം

കൊല്ലം നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ നൗഷാദിന്റെ ആഹ്ലാദ പ്രകടനം. എം നൗഷാദ് എംഎല്‍എ സമീപം

വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇടതു തരംഗം. ഉപതിരഞ്ഞെടുപ്പ് നടന്ന പതിനാല് വാര്‍ഡുകളില്‍ പത്തിടത്തും വിജയിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പിലെ അത്യുഗ്രന്‍ വിജയം ഇടതുപക്ഷം ആവര്‍ത്തിച്ചത്.

രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും അടക്കമാണ് പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചത്. മൂന്നിടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ ഒരെണ്ണം ബിജെപി നേടി. നാല് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ഒരെണ്ണം എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കിഴുവില്ലംഡിവിഷന്‍ 1993 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. ശ്രീകണ്ഠന്‍ നായരാണ് വിജയിച്ചത്. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആയതിനെ തുടര്‍ന്ന് ഒഴിവു വന്ന തൃശൂര്‍ കൈപ്പമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയ മറ്റൊരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. ബി ജി വിഷ്ണു 6880 വോട്ടിനാണ് ഇവിടെ ജയിച്ചത്.

തിരുവനന്തപുരം അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരുതംകോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ബി ബി സുജിതാറാണി (സിപിഎം) ആണ് വിജയി.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ 2924 വോട്ടിന് വിജയിച്ചു. തിരുനെല്ലിയുടെ കാറ്റ് എന്നും ഇടതിനൊപ്പമാണ് എന്ന ഓര്‍മപ്പെടുത്തലാണ് ഈ വിജയവും. ഒ ആര്‍ കേളു എംഎല്‍എയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കിഴുവിലം ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീകണ്ഠന്‍ നായരെ തോളിലേറ്റി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു

കിഴുവിലം ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീകണ്ഠന്‍ നായരെ തോളിലേറ്റി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു

മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ സീമന്തപുരം, മടിഞ്ഞാറ്റേല വാര്‍ഡുകളിലും എല്‍ഡിഎഫിനാണ് ജയം. സീമന്തപുരത്ത് കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച സ്ഥാനാര്‍ത്ഥി പിന്നീട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ രജനി രഞ്ജിത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് ജയിച്ചത്. പടിഞ്ഞാറ്റേലയിലും എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ജയം പിടിച്ചെടുക്കുകയായിരുന്നു. എം സിദ്ദിഖാണ് ഇവിടെ വിജയിച്ചത്.

ഇടുക്കി, മാങ്കുളം ഗ്രാമപഞ്ചായത്ത് അമ്പതാം മൈല്‍ വാര്‍ഡും എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ബിന്‍സി റോയിയാണ് വിജയിച്ചത്. കാമാക്ഷി ഗ്രാമപഞ്ചായത്ത് കാല്‍വരി മൗണ്ട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ബിജുമോന്‍ തോമസാണ് വിജയി. കഴിഞ്ഞ തവണ മുന്നൂറിലേറെ വോട്ടിനു ജയിച്ച വാര്‍ഡ് ഇക്കുറി 14 വോട്ടിനാണ് നിലനിര്‍ത്തിയത്.

കൊല്ലം കോര്‍പറേഷന്‍ കയ്യാലയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എന്‍ നൗഷാദ് (സിപിഎം) ആണ് വിജയി. 465 വോട്ടാണ് ഭൂരിപക്ഷം. ഡെപ്യൂട്ടി മേയറായിരുന്ന എം നൗഷാദ് എംഎല്‍എ ആയതിനെ തുടര്‍ന്ന് ഒഴിവുവന്ന വാര്‍ഡാണിത്.

തൃശൂരില്‍ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് വാര്‍ഡും എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. സിപിഎമ്മിലെ സിന്ധു മനോജ് ആണ് വിജയിച്ചത്. ദേശമംഗലം പഞ്ചായത്തിലെ പല്ലൂര്‍ ഈസ്റ്റ് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ ജയരാജ് വിജയിച്ചു. യുആര്‍ പ്രദീപ് എംഎല്‍എ ആയ ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കോഴിക്കോട് കോര്‍പറേഷനില്‍ അരീക്കാട് വാര്‍ഡില്‍ യുഡിഎഫിലെ ഷമീല്‍ മുഹമ്മദ് വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി. മേയറായിരുന്ന വികെസി എംഎല്‍എ ആയപ്പോള്‍ രാജിവെച്ച വാര്‍ഡിലാണ് യുഡിഎഫ് വിജയിച്ചത്. പാലക്കാട് മുനിസിപ്പാലിറ്റി മേപ്പറമ്പ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. വി എ ശാന്തിയാണ് വിജയി. വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ആയിറ്റി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ വി തഹ്‌സീറയാണ് വിജയിച്ചത്.