സരിതാമ്മയുടെ സോളാര്‍ തമിഴ്മക്കള്‍ക്ക് വേണം; തമിഴ്‌നാട്ടിലെ സോളാര്‍ കമ്പനിയില്‍ സരിതയ്ക്ക് ഉന്നത ഉദ്യോഗം

single-img
22 October 2016

 

saritha-s-nair

കേരളത്തില്‍ സോളാര്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ സരിത എസ് നായരെ തമിഴ്‌നാട്ടിലെ സോളാര്‍ കമ്പനിയുടെ ഉന്നത പദവിയില്‍ നിയോഗിച്ചു. മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ഇറ എന്ന കമ്പനിയുടെ പ്രോജക്ട് ഹെഡായാണ് സരിത ചുമതലയേല്‍ക്കുന്നത്.

തമിഴ് മാധ്യമങ്ങള്‍ സരിതാമ്മയെന്ന് വാഴ്ത്തുന്ന സരിതയുടെ ആത്മകഥ തമിഴിലെ പ്രമുഖ വാരികയായ കുമുദത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ആവശ്യത്തിന് സസ്‌പെന്‍സ് നിറച്ച് വിപണിയിലെത്തിക്കുന്ന ആത്മകഥയ്ക്കായി തമിഴ്മക്കള്‍ കുമുദത്തിന്റെ ഓരോ ലക്കവും കാത്തിരിക്കുകയാണ്. രാഷ്ട്രീയക്കാരില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന തിക്താനുഭവങ്ങള്‍ അതുപോലെ തന്നെ സരിത ആത്മകഥയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

അതിനിടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അഡ്വ. ബി എ ആളൂരിനെ ഏല്‍പ്പിക്കാനൊരുങ്ങുകയാണ് സരിത. തന്റെ നിരപരാധിത്വം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന നിലയിലാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത വ്യക്തമാക്കി. കേസുകളെല്ലാം വിചാരണയിലാണെന്നും പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലാണെന്നും അടിയന്തിരമായി എടുക്കേണ്ട ചില നടപടികള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സരിത അറിയിച്ചു.

ന്യൂ ഇറയില്‍ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന വാര്‍ത്തയും സരിത സ്ഥിരീകരിച്ചു. കേസില്‍ അകപ്പെടുമ്പോള്‍ മാര്‍ക്കറ്റിംഗ് ജോലിയായിരുന്നു ചെയ്തിരുന്നതെങ്കിലും പുതിയ ജോലിയില്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നത്. രണ്ട് മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതിക്കായി തമിഴ്‌നാട്ടില്‍ ഏകജാലക സംവിധാനമാണെന്നും അതിനാല്‍ കേരളത്തില്‍ വ്യവസായം നടത്തുന്നതിലും എളുപ്പമാണെന്നും സരിത അഭിപ്രായപ്പെട്ടു.