ബാരമുള്ളയില്‍ ഭീകര സാന്നിധ്യം: ജനങ്ങളെ ഒഴിപ്പിച്ച് വീടുകളില്‍ സൈന്യം തിരച്ചില്‍ നടത്തുന്നു

single-img
21 October 2016

kashmir-bsf-21-10-2016-jpg-image-784-410
ജമ്മു കാശ്മീരിലെ ബാരമുള്ളയില്‍ ഭീകര പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയതായി സൈന്യത്തിന് വിവരം ലഭിച്ചു. സൈന്യവും പോലീസും സംയുക്തമായി ഈ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്. വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷമാണ് തിരിച്ചില്‍ നടത്തുന്നത്.

പഴയ നഗരമായ ബാരമുള്ളയില്‍ ഭീകരര്‍ പ്രവേശിച്ചതായി ഇന്ന് രാവിലെയാണ് സൈനിക മേധാവികള്‍ക്ക് രഹസ്യവിവരം ലഭിച്ചത്. ഏതാനും ദിവസം മുമ്പും ഇവിടുത്തെ എഴുന്നൂറിലേറെ വീടുകള്‍ ഒഴിപ്പിച്ച് തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് ഈ മേഖലയില്‍ ഭീകരാക്രമണം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെയും തിരച്ചില്‍.

ജമ്മുവിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണ് ബാരമുള്ള. അടുത്തിടെ സംസ്ഥാനത്തുണ്ടായ സംഘര്‍ഷം ഏറ്റവുമധികം രൂക്ഷമായതും ഇവിടെയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ പേരിലുണ്ടായ കലാപത്തിന്റെ മറവില്‍ ഭീകരരും സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറ്റം ആരംഭിക്കുകയായിരുന്നു.

ഓഗസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ഈമാസം ആദ്യമുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് പരിക്കേറ്റതായാണ് അറിയുന്നത്. അതേസമയം ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക് റേഞ്ചേഴ്‌സിന്റെ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഹിരാനഗറിലെ ബോബിയിലാണ് രാവിലെ 9.30ന് ആക്രമണമുണ്ടായത്.