നജീബ് അഹമ്മദിനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം

single-img
21 October 2016
നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു ക്യാമ്പസില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍

നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു ക്യാമ്പസില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

എബിവിപി പ്രവര്‍ത്തകരുമായി ഹോസ്റ്റലില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന് ശേഷം നജീബിനെ കാണാതാവുകയായിരുന്നു. ദിവസങ്ങളായിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. നജീബിനെ കണ്ടെത്തുക എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്.

വിദ്യാര്‍ഥിയെ കണ്ടെത്താന്‍ നടപടി ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ 20 മണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നു. നജീബിനെ കണ്ടെത്താനായി യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നുമില്ല എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുന്നത്. ആറ് ദിവസമായി ക്യാമ്പസില്‍ തന്നെ തങ്ങിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. പ്രക്ഷോഭകര്‍ക്കൊപ്പം നജീബിന്റെ കുടുംബവും ക്യാമ്പസില്‍ സമരം ചെയ്യുന്നുണ്ട്.

ഒരു എസിപിയും രണ്ട് സീനിയര്‍ ഇന്‍സ്പെക്ടര്‍മാരുമടങ്ങുന്ന പ്രത്യേക സംഘത്തെ നജീബിനെ കണ്ടെത്താനായി നിയോഗിച്ചതായി ദില്ലി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വസന്ത് കുഞ്ച് നോര്‍ത്ത് പെലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നജീബിനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം നജീബിനെക്കുറിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ല എന്നും പൊലീസ് പറഞ്ഞു.