പെരുമ്പാവൂരിലെ ജ്വല്ലറിയുടെ പേരില്‍ 12 കോടിയുടെ വന്‍തട്ടിപ്പ്, ജ്വല്ലറി ഉടമ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറായ ജ്വല്ലറിയുടെ പേരില്‍

single-img
21 October 2016

dc-cover-vpihh19rcq6fkhmal1q3m8rgo1-20161021011421-medi
ജ്വല്ലറി ഏറ്റെടുത്ത് നടത്താനുള്ള കരാറിന്റെ പേരില്‍ 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ അറസ്റ്റില്‍. പെരുമ്പാവൂരിലെ അവതാര്‍ ജ്വല്ലറി ഏറ്റെടുത്ത് നടത്താന്‍ കരാറൊപ്പിട്ട ശേഷം സ്വര്‍ണം കടത്തിക്കൊണ്ടു പോയെന്നാണ് പരാതി. അവതാര്‍ ജ്വല്ലറി ഉടമ തൃത്താല ഊരത്തൊടിയില്‍ ഒ.അബ്ദുല്ല (51) ആണ് അറസ്റ്റിലായത്. ഫഫാസ ഗോള്‍ഡ് ഉടമ വെങ്ങോല പട്ടരുമഠം സലിമിന്റെ പരാതിയിലാണ് അറസ്റ്റ്.

പിപി റോഡിലെ ഫഫാസ് ജ്വല്ലറി അവതാര്‍ എന്ന പേരില്‍ ഏറ്റെടുത്തു നടത്താനായിരുന്നു കരാര്‍. നടന്‍ മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡറാക്കിയായിരുന്നു ജ്വല്ലറിയുടെ പരസ്യ പ്രചരണം നടത്തിയിരുന്നത്. എന്നാല്‍ അബ്ദുല്ല കടതുറന്നില്ല. കരാര്‍ പ്രകാരം നല്‍കിയ 12 കോടി രൂപയുടെ സ്വര്‍ണം ഇയാള്‍ കൈക്കലാക്കി വഞ്ചിച്ചെന്നാണ് സലീമിന്റെ പരാതി. കരാറൊപ്പിട്ടു വൈകാതെ അബ്ദുല്ല വിദേശത്തേക്കു കടന്നു.

ഡിവൈഎസ്പി കെ.സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിദേശത്തും ആന്ധ്രയിലും കര്‍ണാടകയിലും മാറിമാറി ഒളിവിലായിരുന്ന അബ്ദുല്ലയെ കോഴിക്കോടു നിന്ന് അറസ്റ്റ് ചെയ്തത്. ഉപയോക്താക്കളെ ജ്വല്ലറിയിലെ സ്വര്‍ണ ചിട്ടിയില്‍ ചേര്‍ത്ത് സ്വര്‍ണം കൊടുക്കാതെ തട്ടിപ്പ് നടത്തിയതിന് തൃശൂരിലും കളമശേരിയിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതി അബ്ദുല്ലയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ മകന്‍ ഉള്‍പ്പെടെ വിദേശത്ത് കഴിയുന്ന കൂടുതല്‍ പ്രതികളെ പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു