ഒഡിഷയില്‍നിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 145 കുട്ടികളെ രക്ഷപ്പെടുത്തി

single-img
21 October 2016

kids

പാറശ്ശാല: ഒഡിഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 145 കുട്ടികളെ റെയില്‍വേ പൊലീസ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11.30ന് ചെന്നൈ-അനന്തപുരി എക്സ്പ്രസില്‍നിന്നാണ് 15 മുതല്‍ 21 വയസ്സുവരെയുള്ളവരെ പാറശ്ശാല റെയില്‍വേ പൊലീസ് കണ്ടത്തെിയത്.

145 പേരില്‍ 90 പെണ്‍കുട്ടികളും 55 ആണ്‍കുട്ടികളുമാണ്. ഇതില്‍ 27 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. ഇത്രയുമധികം കുട്ടികളെ ഒരുമിച്ച് എത്തിച്ചതിന് പിന്നില്‍ മനുഷ്യക്കടത്ത് സംഘമാണെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ രേഖകളില്ലാതെയാണ് കുട്ടികളെ കൊണ്ടു വന്നിരിക്കുന്നത്. പിടികൂടിയ കുട്ടികളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വയസ്സ് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 വയസ്സ് തോന്നിക്കുന്ന കുട്ടികളുടെ തിരിച്ചറിയല്‍ രേഖകളിലുള്ളത് 18 ആണ്.

കഴക്കൂട്ടം മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ സ്വകാര്യവസ്ത്ര നിര്‍മാണ സ്ഥാപനത്തില്‍ ജോലിക്ക് എത്തിച്ചതാണെന്നാണ് കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ഒഡിഷ സ്വദേശി റാബി നാരായണന്‍ മിശ്ര പറയുന്നത്. ഇയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ എത്തിക്കാനുള്ള ഒരു രേഖയും പിടിയിലായ മിശ്രയുടെ കൈവശമില്ലായിരുന്നു. മുമ്പും കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികള്‍ പിടിയിലായതറിയാതെ കൂട്ടിക്കൊണ്ടുപോകാനത്തെിയ കഴക്കൂട്ടത്തെ സ്ഥാപന ജീവനക്കാരനെയും കസ്റ്റഡിയില്‍ എടുത്തു.

ഐ.എല്‍ ആന്‍ഡ് ഐ.എസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കുട്ടികളെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഒരു മാസത്തെ പരിശീലന കാലയളവില്‍ 3000 രൂപയും അതിനുശേഷം 6000 രൂപയും ശമ്പളം നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനമെന്ന് പിടിയിലായ കുട്ടികള്‍ പൊലീസിനെ അറിയിച്ചു. കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടുവന്നതിനാല്‍ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും പറയാന്‍ അവര്‍ തയാറാകുന്നില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു.

കഴിഞ്ഞ 11നാണ് കുട്ടികള്‍ ഒഡിഷയില്‍നിന്ന് ട്രെയിന്‍ കയറിയത്. തുടര്‍ന്ന് കന്യാകുമാരിയില്‍ തങ്ങിയശേഷം വ്യാഴാഴ്ച രാവിലെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. 145 പേര്‍ ഉണ്ടായിരുന്നെങ്കിലും 119 പേര്‍ക്ക് മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഒഡിഷയിലെ പല ജില്ലയിലെയും നിര്‍ധന കുടുംബത്തില്‍പെട്ട കുട്ടികളാണ് അധികവും.

പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. പാറശ്ശാല റെയില്‍വേ എസ്.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍, വിശദമായ അന്വേഷണത്തിലേ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരൂവെന്ന് പൊലീസ് അറിയിച്ചു.