കെ ബാബുവിന് വീണ്ടും പരീക്ഷ, 100 ചോദ്യങ്ങള്‍ തയ്യാര്‍

single-img
21 October 2016

babu

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ബാബുവിനോട് ചോദിക്കാന്‍ ചോദ്യാവലി തയ്യാറാക്കി വിജിലന്‍സിന്റെ കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുക. ഇതിനായി 100 ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്ളത്.

ബാര്‍ കോഴക്കേസിലും വിജിലന്‍സ് കഴിഞ്ഞദിവസം ബാബുവിനെ ചോദ്യം ചെയ്തിരുന്നു. മക്കളുടെ വിവാഹച്ചെലവ് സംബന്ധിച്ചും ചോദ്യം ചെയ്യും. ബാബുറാം, മോഹന്‍ എന്നിവരുടെ പേരില്‍ ബാബു ബിനാമി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ ആരോപണം. കേസില്‍ ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ബിനാമികളെന്ന് സംശയിക്കുന്നവരേയും നിരവധി തവണ വിജിലന്‍സ് ചെദ്യം ചെയ്തിരുന്നു. ബാബുവിന്റെയും കുടുംബത്തിന്റേയും ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

ബാബു, ബാബുറാം, മോഹന്‍ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. ഇവയെല്ലാം വിശദമായി വിലയിരുത്തിയശേഷമാണ് അനധികൃത സ്വത്തുകേസില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചത്.