ഗുജറാത്ത് കലാപം: നരഹത്യയില്‍ ഉള്‍പ്പെട്ട 14 പ്രതികളെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തരാക്കി

single-img
20 October 2016

gujarat

ഗാന്ധിനഗര്‍: ഗുജറാത്ത് കലാപത്തിനിടെ നരഹത്യയില്‍ ഉള്‍പ്പെട്ട 14 പ്രതികളെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തരാക്കി. 2002ലാണ് സര്‍ദാര്‍പുരയില്‍ കലാപത്തിനിടെ നരഹത്യ നടന്നത്. 2011ല്‍ സര്‍ദാര്‍പുര കലാപത്തില്‍ പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 31 പ്രതികളില്‍ 14 പ്രതികളെയാണ് ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

കലാപത്തില്‍ നിന്ന് രക്ഷനേടാന്‍ വിജാപൂര്‍ താലൂക്കിലെ സര്‍ദാര്‍പുരയില്‍ ഇബ്രാഹീം ഷെയ്ഖ് എന്നയാളുടെ വീട്ടില്‍ അഭയം തേടിയവരെ വീടാക്രമിച്ച പ്രതികള്‍ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 20 പേര്‍ സ്ത്രീകളായിരുന്നു. 33 പേരെ ഒരു വീടിനുള്ളിലിട്ട് ജീവനോടെ തീവച്ചുകൊല്ലുകയായിരുന്നു.

അതേസമയം 17 പ്രതികള്‍ക്ക് പ്രത്യേക കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ്സുമായ ഹര്‍ഷ ദേവനി, ബിരണ്‍ വൈഷ്ണവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് 17 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരി വെച്ചത്. തെളിവുകളുടെ അഭാവത്താലും, സാക്ഷി മൊഴികളുടെ വൈരുദ്ധ്യത്താലുമാണ് 14 പ്രതികള്‍ക്ക് മേല്‍ കീഴ്‌ക്കോടതി ചുമത്തിയ ശിക്ഷ വിധി ഗുജറാത്ത് ഹൈക്കോടതി നീക്കം ചെയ്തത്.

കലാപത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 76 പ്രതികളില്‍ രണ്ട് പ്രതികള്‍ വിചാരണ വേളയില്‍ മരണപ്പെടുകയായിരുന്നു. ജൂണ്‍ മാസം 2009നായിരുന്നു 73 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി കോടതി വിചാരണ ആരംഭിച്ചത്. വിചാരണയ്ക്ക് ശേഷം 42 പ്രതികളെ കോടതി വിട്ടയക്കുകയും 31 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ നല്‍കുകയുമായിരുന്നു.