കണ്‍സ്യൂമര്‍ഫെഡില്‍ മദ്യം വാങ്ങിയതിലും അഴിമതി; മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

single-img
20 October 2016

 

cnb

കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡില്‍ മദ്യം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവിതരണ കേന്ദ്രങ്ങളില്‍ മദ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് നടപടി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ എട്ട് പേരാണ് കേസില്‍ പ്രതികള്‍. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കണ്‍സ്യൂമര്‍ഫെഡ് വിറ്റ വിദേശമദ്യത്തിന്റെ ഇന്‍സന്റീവ് തുകയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കരാര്‍ നല്‍കിയതിലും അഴിമതി ആരോപണമുണ്ട്. 2011-14 കാലയളവില്‍ മദ്യവില്‍പ്പന കൂടിയിട്ടും ഇന്‍സെന്റീവ് കുറഞ്ഞതാണ് പരാതിയുടെ അടിസ്ഥാനം.

2014ല്‍ കേവലം രണ്ട് ലക്ഷം രൂപ മാത്രമാണ് ഇന്‍സെന്റീവ് ലഭിച്ചത്. എന്നാല്‍ ടോമിന്‍ തച്ചങ്കരി ചുമതലയേറ്റ ശേഷം 2015ല്‍ 90 ലക്ഷം രൂപയാണ് ഇന്‍സെന്റീവ് ലഭിച്ചത്. ഇന്‍സെന്റീവ് തുകയുടെ രേഖകള്‍ കാണാനില്ലെന്നും രേഖയില്ലാത്ത ഇടപാടുകളില്‍ അന്വേഷണം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.