ഇത് ചായകടക്കാര്ക്ക് രാശിയുള്ള കാലം: ഇന്ത്യ ചായ്വാലയെ പ്രധാനമന്ത്രിയാക്കിയാല്‍ പാകിസ്ഥാന് മോഡലാക്കും
സോഷ്യല്‍ മീഡിയയുടെ ശക്തിയെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. ഒരു ദിവസം കൊണ്ട് പാകിസ്ഥാനിലെ ഒരു ചായക്കടക്കാരനെ നല്ലൊരു മോഡല്‍ ആക്കിയിരിക്കുന്നത് എങ്ങനെയാണെന്ന് കാണം. പാകിസ്ഥാനിലെ ഒരു ‘ചായ വാല’യുടെ ചിത്രം സോഷ്യല്‍ മീഡിയയിലുടെ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ചിത്രത്തില്‍ നീലക്കണ്ണുകള്ള, സൂപ്പര്‍ മോഡലുകളെ വെല്ലുന്ന മുഖഭാവത്തോടു കൂടി ഒരു പയ്യനാണ്.
എന്നാല്‍ ലോകം ഒരു ചായക്കടക്കാരന്റെ ഗ്ലാമറിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണെന്ന് ട്വിറ്ററില്‍ ആത്മഗതങ്ങള്‍പോലും വന്നു തുടങ്ങി. ചായക്കടക്കാരന്റെ സൗന്ദര്യം ട്വിറ്ററില്‍ പല ആവര്‍ത്തി റീട്വീറ്റ് ചെയ്യപ്പെട്ടു. ‘ChaiWala’ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും കറങ്ങുകയാണ് നീലക്കണ്ണുള്ള ചായക്കടക്കാരന്റെ ചിത്രം.
ഈ മനോഹരമായ ഫോട്ടോ പകര്‍ത്തിയത് ജിയ ഖാന് എന്ന ഫോട്ടോഗ്രാഫറാണ്. കെയ്ബര്‍ പക്തുന്‍ഖ്വയിലെ മര്ദന് സിറ്റിയിലുള്ള ചായക്കടക്കാരനായ അര്‍ഷാദ് ഖാന്റെ ചിത്രമാണ് വൈറലായി മാറിയത്. ജിയ ഖാന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.
ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കളും ഫോട്ടോ ഏറ്റെടുത്തു. ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയ്ക്ക് വീണു കിട്ടിയ ഫോട്ടോ നിരവധി ട്രോളുകള്‍ക്കും, മീമുകള്‍ക്കും കാരണമായി. ഇതിനോട് അനുബന്ധിച്ച് മറ്റു തമാശകളും ട്വിറ്ററില്‍ നിറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ചായക്കടക്കാരനെ ബന്ധപ്പെടുത്തിയിട്ടുണ്ട് ചിലര്‍. ഇത്ര സുന്ദരനായ ഒരു ചായക്കടക്കാരന് പാകിസ്ഥാന് പരിഗണന നല്‍കയില്ലെന്ന് പരിഹസിക്കുന്ന ചിലര്‍, ഇന്ത്യയിലെ ചായക്കടക്കാരന് പാര്ലമെന്റിലുണ്ടെന്നാണ് ഓര്‍മ്മിപ്പിക്കുന്നത്.
ശരിയാണ് നമ്മുടെ പ്രധാനമന്ത്രി ചായക്കടക്കാരനായിരുന്നെങ്കിലും ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുകയാണ്. അതുപോലെ തന്നെയാണ് അര്‍ഷാദും. ചായക്കടക്കാരനാണേലും ഇസ്ലാമബാദിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആയ ഫിറ്റിന് അര്‍ഷാദുമായി വലിയൊരു മോഡലിംഗ് കരാര്‍ ആണ് ഒപ്പിട്ടിരിക്കുന്നത്. ഫിറ്റിന് തന്നെയാണ് ഫേസ്ബുക്കിലുടെ ഇക്കാര്യം പുറത്തുവിട്ടത്. അര്‍ഷാദ് ഇപ്പോള്‍ ചായ് വാല അല്ലെന്നും അവന് ഫാഷന്‍ വാല ആണെന്നുമാണ് ഫിറ്റിന് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച അര്‍ഷാദിന്റെ പുതിയ ചിത്രങ്ങള്‍ക്ക് നല്കിയ അടിക്കുറിപ്പ്.
അര്‍ഷാദിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഈ പതിനെട്ടു വയസുകാരനെ കാണാനായി ഏഴുപതിലധികം പെണ്‍കുട്ടികള്‍ ദിവസേന ചായകുടിക്കാനെത്തുകയും സെല്‍ഫി എടുത്തു പോവുകയും ചെയ്തിരുന്നു. മോഡലിംഗിന് അവസരം ലഭിച്ചതോടെ സിനിമയില്‍ അഭിനയിക്കുകയെന്ന അര്‍ഷാദിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സാധ്യമാകുന്നതെന്ന് ജിയ ഖാന് ഇതേക്കുറിച്ച് പ്രതികരിച്ചു.