ജേക്കബ് തോമസിന്റെ രാജി: അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി;അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധികുന്നതിനാൽ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് സൂചന

single-img
19 October 2016

14801188_614982465377126_560127842_n

ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ഇന്നലെ നളിനി നെറ്റോയ്ക്കു കത്തു നൽകിയിരുന്നു.
മനഃപൂർവം പീഡിപ്പിക്കുന്നതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരുവിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടതും പിന്നാലെ തനിക്കെതിരായ ധനകാര്യ റിപ്പോർട്ട് പുറത്തുവന്നതുമാണു സ്ഥാനമൊഴിയാൻ തീരുമാനിക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചതെന്നാണു സൂചന.

വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍െറ സെക്രട്ടറി ശിവശങ്കറിനും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോക്കും ജേക്കബ് തോമസ് കത്ത് നല്‍കിയത്.ജേക്കബ് തോമസിന്റെ രാജിയാവശ്യത്തില്‍ മുഖ്യമന്ത്രിയാവും അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന നളിനി നെറ്റോ വ്യക്തമാക്കിയിരുന്നു.

തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന ധനകാര്യപരിശോധനാവിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ ആരോപണ വിധേയനായ ഡയറക്ടറെ മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നു. വിഷയം നിയമസഭയില്‍ ചര്‍ച്ചയാവുകയും ചെയ്തു. മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമന വിവാദത്തില്‍ ജേക്കബ് തോമസ് സര്‍ക്കാറുമായി ഒത്തുകളിക്കുന്നെന്ന തരത്തിലായിരുന്നു പ്രതിപക്ഷ ആരോപണം.

അതേസമയം വിജലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയാന്‍ ജേക്കബ് തോമസിന് സര്‍ക്കാര്‍ അനുവാദം നല്‍കില്ല എന്നാണു സൂചന. അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് ഇത് ആവശ്യമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.ജേക്കബ് തോമസിനെ തുടരാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കുമെന്നും കണക്ക് കൂട്ടുന്നു.