ബീഫിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ കേസ്

single-img
19 October 2016

katju-1

ബീഫ് കഴിക്കുന്നതിനെക്കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയ മുന്‍ സുപ്രിംകോടതി ജഡ്ജി മാര്‍ക്കേണ്ഡേയ കട്ജുവിനെതിരെ അലഹബാദ് കോടതിയില്‍ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി കട്ജുവിന് നോട്ടീസ് അയച്ചു.

കട്ജു രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചുവെന്ന് കാണിച്ച് രാകേഷ് നാഥ് പാണ്ഡെ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതി പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശുചി ശ്രീവാസ്തവയാണ് നോട്ടീസ് അയച്ചത്. നിരവധി സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പശുവിനെ പരിശുദ്ധമായി കാണുന്ന ഒരു സമൂഹത്തെ കട്ജു ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നവംബര്‍ 18നാണ് കേസ് ഇനി പരിഗണിക്കുക. അന്ന് കടജുവിന്റെ വിശദീകരണം ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കട്ജുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാണ്ഡെ നല്‍കിയ അപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗോവധവും ബീഫ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും കൈവശം സൂക്ഷിക്കുന്നതും അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ കട്ജു ഇതിനെതിരെ നിരവധി പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദാദ്രിയില്‍ ഗോവധം നടത്തിയെന്നും ഗോമാംസം ഭക്ഷിച്ചുവെന്നും ആരോപിച്ച് അമ്പതുകാരനെ ഒരു കൂട്ടമാളുകള്‍ തല്ലിക്കൊന്നപ്പോള്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി കട്ജു രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ പരിശുദ്ധമായി കാണുന്ന പശുവിനെക്കുറിച്ചോ ബിഫിനെക്കുറിച്ചോ അനാവശ്യമായി സംസാരിക്കാന്‍ പോലും പാടില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഗോവധവും ബീഫുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കുന്നവരെ തല്ലാന്‍ താന്‍ ഒരു ദണ്ഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് അടുത്തിടെ കട്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.