ഞാന്‍ നന്നായി പഠിക്കുന്ന ഒരു ദളിതനാണ് പക്ഷെ ഇപ്പോള്‍ സ്‌കൂളില്‍ പോകാനാകുന്നില്ല: സഹപാഠികള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കാരണം വിവരിച്ച് വൈറലായ വീഡിയോയിലെ വിദ്യാര്‍ത്ഥി

single-img
19 October 2016

 

kv

‘എനിക്ക് പതിനാറ് വയസ്സുണ്ട്, ബിഹാറിലെ മുസാഫര്‍പുരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ഏതാനും ദിവസമായി എല്ലാവര്‍ക്കും അറിയാനുള്ളത് എന്നെ എന്തിനാണ് അത്രമാത്രം ക്രൂരമായി ക്ലാസ് മുറിയിലിട്ട് മര്‍ദ്ദിച്ചതെന്നും ഞാന്‍ എന്താണ് ഇത്രയും ദിവസം ഇതേക്കുറിച്ച് നിശബ്ദനായിരുന്നതെന്നുമാണ്.

ഞാന്‍ എന്റെ കഥ പോലീസുകാരോടും എന്റെ മറ്റ് സഹപാഠികളോടും മാധ്യമങ്ങളോടും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞ് ക്ഷീണിതനും നിരാശനുമാണ്’. പറയുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയിലുടെ ലോകം മുഴുവന്‍ കണ്ട ക്രൂര രംഗത്തിലെ ഇരയായ വിദ്യാര്‍ത്ഥിയാണ്. മുസാഫര്‍പുരിലെ കേന്ദ്രീയ വിദ്യാലയ സ്‌കൂളിലെ ക്ലാസ് മുറിയില്‍ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ പതിനാറുകാരന്‍ താനെന്തിനാണ് ആക്രമിക്കപ്പെട്ടതെന്ന് ഒടുവില്‍ വ്യക്തമാക്കി.

ഒരു അദ്ധ്യാപകന്റെ മകനാണ് ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി. മിടുക്കന്‍ എന്നര്‍ത്ഥം വരുന്ന പേരാണ് തന്റെ അച്ഛന്‍ തനിക്കിട്ടിരിക്കുന്നതെന്നും എല്ലാവരേക്കാളും താന്‍ മിടുക്കനാകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അതിനാലാണ് മുസാഫര്‍പുരിലെ സ്‌കൂളില്‍ തന്നെ ചേര്‍ത്തതെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഗ്രാമത്തില്‍ നിന്നും ദിവസവും പോയി വരാന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥി അപ്പൂപ്പന്റെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. അച്ഛന്റെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഈ വിദ്യാര്‍ത്ഥി നന്നായി പഠിക്കുന്നുമുണ്ട്. എന്നാല്‍ തന്റെ മാര്‍ക്കുകളില്‍ അച്ഛന്‍ സന്തോഷവാനാണെങ്കിലും അത് സ്‌കൂളില്‍ തന്നെ ഒറ്റപ്പെടാന്‍ ഇടയാക്കിയെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

‘ഞാന്‍ ദളിതനായിട്ടും നന്നായി പഠിക്കുന്നതില്‍ ഒരു സഹപാഠി അസ്വസ്ഥനാണ്. അയാള്‍ക്ക് എന്നോട് എല്ലായ്‌പ്പോഴും ദേഷ്യമാണ്. പലപ്പോഴും ക്ലാസ് മുറിയിലിട്ട് ജാതിവിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്’- വിദ്യാര്‍ത്ഥി വ്യക്തമാക്കി. സഹോദരന്മാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ ദിവസവും ക്ലാസ് മുറിയിലിട്ട് തന്നെ മര്‍ദ്ദിക്കുന്നത് പതിവാണ്. ഇതില്‍ ഒരാള്‍ കുട്ടിയുടെ സഹപാഠിയും മറ്റേയാള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഈ വിദ്യാര്‍ത്ഥികള്‍ തന്റെ മുഖത്ത് തുപ്പാറുണ്ടെന്നും വിദ്യാര്‍ത്ഥി പറയുന്നു.

തന്നോട് സഹതാപമുള്ള ഒരു അധ്യാപകന്‍ തന്നെ പലപ്പോഴും സഹായിക്കാന്‍ എത്താറുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ അവിടെ സ്വാധീനമുള്ള ഒരു കുറ്റവാളിയുടെ മക്കളാണെന്നും സ്‌കൂള്‍ അധികൃതര്‍ ഇവര്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കില്ലെന്നും അധ്യാപകന്‍ പറഞ്ഞിട്ടുണ്ട്. താന്‍ പരാതി നല്‍കിയാല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. അക്രമികളായ വിദ്യാര്‍ത്ഥികളുടെ പിതാവ് തന്റെ കുടുംബത്തെ ഉപദ്രവിക്കുമോയെന്ന ഭയം കൂടിയുള്ളതിനാലാണ് ഇത്രനാള്‍ നിശബ്ദനായിരുന്നത്.

വൈറലായ വീഡിയോ പകര്‍ത്തിയത് തന്നെ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ അറിവോടെ തന്നെയായിരുന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. തന്നെ ഇങ്ങനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അതിനാല്‍ ഇത് റെക്കോര്‍ഡ് ചെയ്യുന്നുവെന്നും പറഞ്ഞാണ് മറ്റൊരു വിദ്യാര്‍ത്ഥിയെക്കൊണ്ട് ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.

മര്‍ദ്ദിച്ച സഹപാഠി ക്ലാസില്‍ ഏറ്റവും പിറകിലെ സീറ്റില്‍ ഇരിക്കുന്നയാളും പരീക്ഷകളില്‍ മോശം മാര്‍ക്ക് വാങ്ങുന്നയാളുമാണ്. എന്നാല്‍ താന്‍ ഏറ്റവും മുമ്പിലെ സീറ്റില്‍ ഇരിക്കുന്നയാളും എല്ലാ പരീക്ഷകളിലും നല്ല മാര്‍ക്ക് വാങ്ങുന്നയാളുമാണ്. ഇതില്‍ അയാള്‍ക്ക് ദേഷ്യമുണ്ടായിരുന്നു. അപ്പോഴാണ് താന്‍ പട്ടികജാതിക്കാരനാണെന്ന് ആ വിദ്യാര്‍ത്ഥി മനസിലാക്കിയത്.

ഈ വീഡിയോയെ കുറിച്ച് അറിഞ്ഞപ്പോള്‍ അപ്പൂപ്പന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ കുറേ ആളുകള്‍ തങ്ങളെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി അറിയിച്ചു. ഇപ്പോള്‍ കുട്ടി സ്‌കൂളില്‍ പോക്ക് നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥിയുടെ പൊതുപരീക്ഷ ആരംഭിക്കും. എന്ത് ചെയ്യണമെന്നോ എങ്ങനെ പരീക്ഷ എഴുതുമെന്നോ ഈ കുട്ടിക്ക് അറിയില്ല.

https://www.youtube.com/watch?v=3_3Mur-3v_M