തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; കൊലപാതകമെന്ന് നാട്ടുകാരും വനംവകുപ്പും: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

single-img
19 October 2016

thomas
തിരുനെല്ലി: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി പറയപ്പെടുന്ന സംഭവത്തിലെ ദുരൂഹത നീക്കം ചെയ്യാനുള്ള പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നു. കൊല്ലപ്പെട്ട തോമസിന്റെ ശരീരത്തിലെ പരുക്കിന്റെ സ്വഭാവവും സമീപത്തുനിന്നും കണ്ടെത്തിയ ഇരുമ്പുദണ്ഡും ഒക്കെയാണ് സംശയത്തിനു വഴി വെച്ചത്. മാനന്തവാടി സി ഐ സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തോല്‍പ്പെട്ടിയിലെ ജീപ്പ് ഡ്രൈവര്‍ ആയിരുന്ന അരണപ്പാറ വാകേരി കോട്ടക്കല്‍ തോമസ് (ഷിമി 28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അപ്പപ്പാറ-അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്ന് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് വരുന്ന വഴി കാട്ടാന ആക്രമിച്ചതാകമെന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ ഇയാളുടെ ശരീരത്തില്‍ അസാധാരണമായ ചില പരിക്കുകള്‍ ഉണ്ടായിരുന്നതാണ് നാട്ടുകാര്‍ക്ക് സംശയം ജനിപ്പിച്ചത്. ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അപകടസ്ഥലത്തു നിന്നും മൃതദേഹം നീക്കം ചെയ്യുന്നത് തടയുകയും അന്തര്‍സംസ്ഥാന പാതയായ മാനന്തവാടി-കുട്ട റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം തോമസിന്റെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടക്കംമുതലേ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്നും സൂചനയുണ്ട്.

ആന്റണി-ലീല ദമ്പതികളുടെ മകനാണ് തോമസ്. സതിയാണ് ഭാര്യ. അഞ്ചു വയസ്സുകാരി ഷിബിന, ആറ് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി എന്നിവരാണ് മക്കള്‍. അന്വേഷണം നടക്കുന്നുണ്ട്. ഒരു ദിവസത്തിനകം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് മാനന്തവാടി സി ഐ സജീവന്‍ ഇ വാര്‍ത്തയോട് പ്രതികരിച്ചത്.