തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രവാസി വോട്ടിനുള്ള എന്‍.ആര്‍.ഐ. സര്‍വേ നടത്താന്‍ തീരുമാനിച്ചു

single-img
18 October 2016

pravasi-vote1

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രവാസി വോട്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എന്‍ആര്‍ഐ സര്‍വേ നടത്താന്‍ തീരുമാനിച്ചു. നാളെ ഡല്‍ഹിയില്‍ അന്താരാഷ്ട്ര തിരഞ്ഞെടുപ്പു വിദ്യാഭ്യാസ സമ്മേളനത്തിലാണ് ഇതിനു തുടക്കമാവുന്നത്.

രണ്ടു ദിവസമാണ് സമ്മേളനം. വിവിധ മത്സരങ്ങളിലൂടെ വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനുള്ള ശ്രമമാണെന്ന് ഉപതിരഞ്ഞെടുപ്പു കമ്മിഷണര്‍ ഉമേഷ് സിന്‍ഹ അറിയിച്ചു.

തിരഞ്ഞെടുപ്പു പ്രക്രിയയെക്കുറിച്ചുള്ള വിവരവും ബോധവത്കരണ പരസ്പരം പങ്കുവെക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ആദ്യവേദിയാവുന്ന സമ്മേളനം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ ഡോ. നസീം സെയ്ദി ഉദ്ഘാടനം ചെയ്യും.

സംഘര്‍ഷാവസ്ഥ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സഹാചര്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍നിന്ന് പാകിസ്ഥാന്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന. പാകിസ്ഥാനെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍, പങ്കെടുക്കുമെന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഉമേഷ് സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞു.

27 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യ ധാരണാപത്രം ഒപ്പിട്ട നാല്‍പ്പതോളം രാജ്യങ്ങളെ സമ്മേളനത്തിന് ക്ഷണിച്ചിരുന്നു.

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള വോട്ടിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി വിവരശേഖരണം ലക്ഷ്യമിട്ടാണ് സര്‍വേയും മത്സരങ്ങളും. വിവിധ രാജ്യങ്ങളുമായി വോട്ടര്‍ വിദ്യാഭ്യാസ-വിജ്ഞാന പദ്ധതികള്‍ സ്ഥിരമായി പങ്കുവെക്കാന്‍ വോയ്‌സ് ഡോട്ട് നെറ്റ് എന്ന പദ്ധതിയും ആരംഭിക്കും. വോട്ടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കും മുഖ്യചര്‍ച്ച.