ജയരാജനെതിരെ വീണ്ടും വിവാദം; മന്ത്രിപുത്രന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് പുറത്തുവരുന്നു

single-img
9 October 2016

jayarajan

മന്ത്രി ഇ പി ജയരാജന്റെ ബന്ധു നിയമനവിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുന്ന അദ്ദേഹത്തിനെതിരെ വീണ്ടും ആരോപണണങ്ങള്‍ ഉയരുന്നു. കണ്ണൂരിലെ ചില പാര്‍ട്ടി വൃത്തങ്ങളാണ് മന്ത്രിപുത്രന്റെ ഭൂമി ഇടപാട് പുറത്തുവിടുന്നത്.

മന്ത്രിയുടെ മകന്‍ ജയ്സണ്‍ ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് റിസോര്‍ട്ട് മാഫിയയുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സി പി എം ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭാ പരിധിയില്‍ മന്ത്രിപുത്രന്റെ നേതൃത്വത്തില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃതലങ്ങളില്‍ ബന്ധമുള്ള ഏതാനും പേരുടെ പങ്കാളിത്വത്തോടെ ആയുര്‍വേദ റിസോര്‍ട്ടിനുള്ള പണികള്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. പത്തേക്കര്‍ ഭൂമിയാണ് ഈ സംഘം അടുത്തിടെ ആന്തൂരില്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്.

ജെ ആന്‍ഡ് ഡി എന്ന പേരില്‍ മീന്‍കുന്നില്‍ മന്ത്രിപുത്രന്റെ ഉടമസ്ഥ പങ്കാളിത്വത്തില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മുഖ്യപങ്കാളികളായ ജയ്സണിന്റേയും ദിനേശ് എന്നയാളുടേയും പേരുകളിലെ ആദ്യ അക്ഷരമാണ് കമ്പനിക്കിട്ടിരിക്കുന്നത്. മന്ത്രിയുടെ അടുത്ത ബന്ധുവായ ദിനേശ് ദുബൈയില്‍ ബിസിനസ് നടത്തുന്നയാളാണ്. ബിജെപിയുമായി ഇയാള്‍ക്കുള്ള അടുത്ത ബന്ധമാണ് കണ്ണൂരിലെ പാര്‍ട്ടി നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്. ധര്‍മ്മശാലയില്‍ ഇ പി ജയരാജന്റെ മകനടക്കം ചേര്‍ന്ന് ഒരു ആയുര്‍വേദ സ്ഥാപനം തുറന്നിരുന്നു. എന്നാല്‍ കാര്യമായ പ്രവര്‍ത്തനമൊന്നും നടന്നിരുന്നില്ല. പ്രൊജക്ട് ഓഫീസായി ഈ സ്ഥാപനമാണ് പുതിയ പദ്ധതിയുടെ പ്രോജക്ട് ഓഫീസായി പ്രവര്‍ത്തിക്കുന്നത്. ഒരു ആയുര്‍വേദ വൈദ്യനും ഈ സംരംഭത്തില്‍ പങ്കാളിയാണ്.

എറണാകുളം കേന്ദ്രമായുള്ള ഒരു കണ്‍സ്ട്രക്ഷന്‍, ഫ്ളാറ്റ് ഗ്രൂപ്പും ഇവരുടെ ബിനാമിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാഹിയിലെ മുന്‍മന്ത്രിയായ കോണ്‍ഗ്രസ് നേതാവടക്കമുള്ള ഉന്നതര്‍ക്കു കൂടി ആന്തൂരിലെ പ്രൊജക്ടില്‍ പങ്കാളിത്തമുണ്ടെന്നും പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നു.

തിരുവനന്തപുരത്ത് ഒരു പരസ്യ ഏജന്‍സി ആരംഭിക്കാനും മന്ത്രിപുത്രനടക്കമുള്ളവര്‍ക്കു പരിപാടിയുണ്ട്. ദേശാഭിമാനിയുടെ ഭരണതലത്തില്‍ ഉന്നതപദവി വഹിച്ച പ്രമുഖനും അദ്ദേഹത്തിന്റെ സഹോദരനുമാണ് ഇതിലെ പങ്കാളികളെന്നാണ് അറിയുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ നിര്‍മ്മാണം ഈ ഏജന്‍സിക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ നീക്കം.