ജയരാജന്‍ പുറത്തുപോയാല്‍ നെറുക്ക് വീഴുക സുരേഷ് കുറുപ്പിനോ സ്വരാജിനോ?

single-img
9 October 2016

kurup-and-swaraj

ബന്ധുനിയമന ക്രമക്കേടില്‍ മന്ത്രി ഇ പി ജയരാജന്റെ സ്ഥാനം തെറിച്ചാല്‍ പുതിയ മന്ത്രി സ്ഥാനത്തേക്ക് സുരേഷ് കുറുപ്പിനെയോ എം സ്വരാജിനെയോ പരിഗണിക്കാന്‍ സാധ്യത. ക്രമക്കേട് വ്യക്തമാകുകയും വിജിലന്‍സ് അന്വേഷണത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ ജയരാജന്‍ രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ജയരാജന്റെ രാജിക്കാര്യത്തില്‍ നിര്‍ണായകമാകും. 14ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതായിരിക്കും പ്രധാന ചര്‍ച്ചയാകുക. വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ശേഷവും ജയരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ മതി നടപടിയെന്ന നിലപാടും ചില നേതാക്കള്‍ക്കുണ്ട്. എന്നാല്‍ വിവാദ നിയമനത്തില്‍ ആരെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയാല്‍ കോടതി തന്നെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടേക്കും. അങ്ങനെയായാല്‍ മുഖ്യമന്ത്രിക്ക് ജയരാജന്റെ രാജി ആവശ്യപ്പെടേണ്ടി വരും.

ഭരണ പരിഷ്‌കാര അധ്യക്ഷന്‍ കൂടിയായ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ജയരാജനെതിരെ പരസ്യമായി രംഗത്തെത്തിയതും സിപിഎമ്മിന് തലവേദനയാകും. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ച ജയരാജനെതിരെയുള്ള നടപടി ശാസനയില്‍ ഒതുക്കരുതെന്നും മാറ്റിനിര്‍ത്തണമെന്നും സംസ്ഥാന വ്യാപകമായി അണികളും നേതാക്കും ആവശ്യപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിയായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നുള്ള എംഎല്‍എയായ സുരേഷ് കുറുപ്പിന്റെയും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ എംഎല്‍എയായ എം സ്വരാജിന്റെയും പേരുകള്‍ ഉയരുന്നത്. കോട്ടയത്തിനും എറണാകുളത്തിനും മന്ത്രിമാര്‍ ഇല്ലാത്തതും മന്ത്രിസഭ രൂപീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇരുവരുടെയും പേരുകള്‍ പരിഗണനയിലുണ്ടായിരുന്നതും പുതിയ മന്ത്രി ഇവരിലാരെങ്കിലുമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.