പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

single-img
9 October 2016

c-raveendranath

വിദ്യാഭ്യാസ കച്ചവടത്തിന് അറുതിവരുത്താന്‍ പിണറായി സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം. മേലില്‍ സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദം സര്‍ക്കാരിന് തലവേദനയാകുകയും നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വാശ്രയ മാനേജ്‌മെന്റുകള്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെയിലാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ മേഖലയിലടക്കം സ്വാശ്രയമേഖലയ്ക്ക് ഇനി യാതൊരു അനുകൂല തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. അതേസമയം പുതിയ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി പ്രതീക്ഷിച്ചിരുന്നവര്‍ പുതിയ നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ്.

മത, സാമുദായിക സംഘടനകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരില്‍ സ്വാധീനമില്ലാത്തതും അവര്‍ക്ക് തിരിച്ചടിയായി. പല സംഘടനകളും പുതിയ സ്വാശ്രയ കോളേജുകള്‍ തുടങ്ങുന്നതിന് വന്‍ വിലയ്ക്ക് സ്ഥലവും മറ്റും വാങ്ങിക്കൂട്ടിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.