മുഖ്യമന്ത്രിയും ബന്ധുനിയമന വിവാദത്തില്‍; ബന്ധുവിന് മലിനീകണ നിയന്ത്രണ ബോര്‍ഡില്‍ നിയമനം

single-img
9 October 2016

cm

ബന്ധുക്കളെ ഉയര്‍ന്ന സര്‍ക്കാര്‍ തസ്തികകളില്‍ നിയമിച്ചെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിതനായ ടി നവീനിന്റെ നിയമനമാണ് വിവാദത്തിലായത്.

നവീന്‍ പിണറായിയുടെ ഭാര്യസഹോദരിയുടെ മകനാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റയുടനെയായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. അതേസമയം അഭിഭാഷകനെന്ന നിലയിലെ പതിനാല് വര്‍ഷത്തെ അനുഭവ സമ്പത്താണ് നവീനിനെ ഈ തസ്തികയില്‍ നിയമിക്കാന്‍ കാരണമായതെന്നാണ് സര്‍ക്കാരിന്റെ വാദം. വ്യവസായ മന്ത്രി ഇ പി ജയരാജന്റെയും മറ്റ് സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെ നിയമനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ നിയമനവും ചര്‍ച്ചയാകുന്നത്.

ബിവറേജസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കീഴിലാണ് മലീനകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനായി താന്‍ അപേക്ഷ നല്‍കുകയും യോഗ്യതയുള്ളതിനാല്‍ പരിഗണിക്കപ്പെടുകയുമായിരുന്നെന്ന് നവീന്‍ അവകാശപ്പെടുന്നു. അതേസമയം നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ അല്ലയോ എന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.