ജയലളിതയുടെ ആരോഗ്യസ്ഥിതി ആശങ്കയില്‍ തന്നെ: കൃത്രിമശ്വാസം തുടരുന്നു

single-img
9 October 2016

jaya

തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യസ്ഥിതി ഇപ്പോഴും ആശങ്കയില്‍ തുടരുകയാണെന്നും കൃത്രിമശ്വാസമാണ് നല്‍കുന്നതെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തീവ്രപരിചരണ വിദഗ്ധരാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ശ്വാസകോശത്തിലെ തടസ്സം ഇപ്പോഴും തുടരുന്നതിനാലാണ് കൃത്രിമശ്വാസം നല്‍കുന്നത്. കൂടാതെ അണുബാധയ്ക്കും മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇതിനിടെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍, എംഡിഎംകെ നേതാവ് വൈകോ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രി ഉടന്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായി സ്റ്റാലിന്‍ അറിയിച്ചു.

ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയും ട്വിറ്ററിലൂടെ ജയലളിതയ്ക്ക് രോഗശാന്തി നേര്‍ന്നു. എന്നാല്‍ ജയലളിത ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ എഐഎഡിഎംകെയില്‍ പ്രതിസന്ധി തുടരുകയാണ്. മന്ത്രിമാരുടെ വകുപ്പ് മാറ്റമുള്‍പ്പെടെയുള്ള നടപടികളെടുക്കുന്ന കാര്യത്തില്‍ ഇന്നലെ ചര്‍ച്ച നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇത് സംബന്ധിച്ച് ഇന്നും ചെന്നൈയില്‍ ചര്‍ച്ചകള്‍ തുടരും.