മരുമകളുടെ നിയമനം: പിണറായിയെ പഴിചാരി പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
9 October 2016

pksreemathinew-jpg-image-784-410

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ തന്റെ മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നേതൃത്വം അറിഞ്ഞായിരുന്നെന്ന് പി കെ ശ്രീമതി എംപി. അതേസമയം മരുമകളുടെ പദവി ഉയര്‍ത്തിയത് തെറ്റായി പോയെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മതിച്ചു.

തനിക്കെതിരായ വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്ന മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ശ്രീമതി ടീച്ചര്‍ വിവാദ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പഴിചാരുന്നത്. അദ്ദേഹത്തിന്റെ അറിവോടെയായിരുന്നു നിയമനം. പിന്നീട് പാര്‍ട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് മരുമകളെ രാജിവയ്പ്പിക്കുകയും ചെയ്തതായും അവര്‍ പറയുന്നു. അതേസമയം മരുമകള്‍ പെന്‍ഷന്‍ വാങ്ങുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പെന്‍ഷന് അപേക്ഷിച്ചിട്ട് പോലുമില്ലെന്നും അവര്‍ വിശദീകരിച്ചു.

പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പോസ്റ്റാണ് ഇത്. എങ്കിലും പത്ത് കൊല്ലം മുമ്പ് നടന്നത് എന്താണെന്ന് വ്യക്തമാക്കണമെന്ന് മനസ് പറയുന്നു. പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തില്‍ മൂന്ന് തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്ക് നിശ്ചയിക്കാം എന്ന പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചു. അനുവാദം വാങ്ങി ഞാന്‍ എന്റെ മകളെ (മകന്റെ ഭാര്യ) നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രി മന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ബിരുദധാരികളെയെല്ലാവരെയും അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുള്ളവരെയും അപ്‌ഗ്രേഡ് ചെയ്തു. അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍ മീഡിയ ശക്തമായ വിമര്‍ശനം എനിക്ക് നേരെ മാത്രം ഉയര്‍ത്തി. പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജിവച്ചു. ഇപ്പോള്‍ മീഡിയയും ബിജെപി-കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നതുപോലെ എന്റെ മകന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങുന്നില്ല. പെന്‍ഷന് അപേക്ഷിച്ചിട്ടു പോലുമില്ല എന്ന കാര്യവും വ്യക്തമാക്കുന്നു.

രാവിലെയാണ് പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അവരുടെ ഫേസ്ബുക്ക് പേജ് തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.