ബന്ധുനിയമനം: ജയരാജനെതിരെ വിഎസും രംഗത്ത്

single-img
9 October 2016

achuthanandan

വകുപ്പിലെ വിവിധ തസ്തികകളില്‍ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നിയമിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനും രംഗത്ത്. വഴിവിട്ട നിയമനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി ആരോപിച്ച വിഎസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനിടെ ജയരാജനെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ നടപടികള്‍ വിശദീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അന്വേഷണത്തിന്റെ ആവശ്യകത മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ നിയമോപദേശം തേടാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ജയരാജന്‍ നടത്തിയ വഴിവിട്ട നിയമനങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജനെതിരെ കേസെടുക്കണോയെന്ന് വിജിലന്‍സ് നിയമോപദേശം തേടുന്നത്. ജയരാജനെതിരെയുള്ള ആരോപണം അതീവഗൗരവകരമായി പരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്ന. ജയരാജനെ വിളിച്ചുവരുത്തി പിണറായി നേരിട്ട് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു.

വ്യവസായ വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്‌സില്‍ ജയരാജന്റെ മകന്റെ ഭാര്യ ദീപ്തിയെ ജനറല്‍ മാനേജരായി നിയമിച്ചതാണ് വിവാദമായത്. തിരുവനന്തപുരം കുമാരപുരത്ത് കണ്ണാശുപത്രി നടത്തിയ നേത്രപിശോധന ക്യാമ്പിന്റെ ഉദ്ഘാടന സമയത്തായിരുന്നു വിഎസിന്റെ പ്രതികരണം.