ഏകീകൃത സിവില്‍കോഡ്:കേന്ദ്ര നിയമ കമ്മിഷന്‍ പൊതുജനങ്ങള്‍ക്കുള്ള ചോദ്യാവലി പുറത്തിറക്കി.

single-img
8 October 2016

gavel-scale-book
ന്യൂദല്‍ഹി : ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര നിയമ കമ്മിഷന്‍ പൊതുജനങ്ങള്‍ക്കുള്ള ചോദ്യാവലി പുറത്തിറക്കി. 16 ചോദ്യങ്ങളാണു ചോദ്യാവലിയിലുള്ളത്. 45 ദിവസത്തിനകം ചോദ്യാവലിയ്ക്കുള്ള മറുപടി അറിയിക്കാനാണു നിയമ കമ്മിഷന്‍റെ നിര്‍ദേശം.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കണം എന്നു ഭരണഘടന എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തുടര്‍ നടപടി ആവശ്യമാണോ? മുത്തലാഖ് നിരോധിക്കുകയോ, ഭേഗദതിയോടെ നിലനിര്‍ത്തുകയോ ചെയ്യണോ? ബഹുഭാര്യത്വവും സമാനമായ രീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ? ക്രിസ്ത്യന്‍ വിവാഹമോചനത്തിനുള്ള രണ്ടു വര്‍ഷത്തെ കാലയളവ് എടുത്തുകളയേണ്ടതുണ്ടോ? ‍വിവിധ സമുദായങ്ങള്‍ക്കു വ്യക്തിനിയമങ്ങള്‍ ഉണ്ടെന്നിരിക്കേ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം തുടങ്ങിയ വിഷയങ്ങള്‍ സിവില്‍ കോഡിന്‍റെ പരിധിയില്‍ വരേണ്ടതുണ്ടോ?തുടങ്ങിയവയാണു പ്രധാന ചോദ്യങ്ങൾ

മത- സാമൂഹിക-സന്നദ്ധ സംഘടനകള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയ്ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം. ചോദ്യാവലിയോടുള്ള ജനങ്ങളുടെ പ്രതികരണം ശേഖരിച്ചതിനു ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കാം എന്നാണു കമ്മിഷന്‍റെ തീരുമാനം.