മതാചാര പ്രകാരം 68 ദിവസം തുടർച്ചയായി വ്രതമിരുന്നു;ഹൈദരാബാദില്‍ 13 വയസുകാരി മരിച്ചു

single-img
8 October 2016

jain

മതാചാര പ്രകാരം 68 ദിവസം തുടർച്ചയായി ഉപവാസം അനുഷ്ഠിച്ച 13 വയസുകാരി ബാലിക ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹൈദരാബാദ് സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാർഥിയുമായ ആരാധികയാണ് മരിച്ചത്. ജൈനമതക്കാരുടെ ആചാരമായ ചൗമാസ എന്ന ഉപവാസമാണ് കുട്ടി അനുഷ്ഠിച്ചത്.

ബാല തപസ്വി എന്ന് വിശേഷണം നല്‍കി നടത്തിയ ആരാധനയുടെ സംസ്‌ക്കാര ചടങ്ങില്‍ 600 ലധികം പേരാണ് പങ്കെടുത്തത്. ശോഭായാത്ര നടത്തിയായിരുന്നു സംസ്‌ക്കാര ഘോഷയാത്ര. സെക്കന്ദരാബാദിലെ പോട്ട് ബസാറില്‍ ജൂവലറി ബിസിനസ് നടത്തുകയാണ് ആരാധനയുടെ കുടുംബം. മരിച്ചതോടെ 68 ദിവസത്തോളം കുട്ടിയെ സ്‌കൂളില്‍ പോലും വിടാതെ വ്രതമിരുത്തിയതിന്റെ പേരില്‍ കുടുംബം വലിയ വിമര്‍ശനവും നേരിടുകയാണ്. ഭക്ഷണമോ വെള്ളമോ കൂടാതെ എടുക്കുന്ന വ്രതാനുഷ്ഠാനത്തിന് ജൈനമതത്തില്‍ വലിയ അംഗീകാരമാണ്.

സെക്കന്തരാബാദിലെ ചട്ടി ബസാറില്‍ ആഭരണ വ്യാപാരികളാണ് ആരാധനയുടെ കുടുംബം. സ്‌കൂള്‍ പോലും ഉപേക്ഷിച്ച് ഉപവാസമനുഷ്ടിക്കാന്‍ അനുവദിച്ചത് എന്തിനാണെന്നാണ്‌ എല്ലാവരും ഉന്നയിക്കുന്ന ചോദ്യം. എന്നാല്‍ ആരാധന വ്രതമെടുക്കുന്നകാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും, ആരാധനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വരെ എത്തിയിരുന്നവരാണ് ഇപ്പോള്‍ തങ്ങളെ വിമര്‍ശിക്കുന്നതെന്ന് ആരാധനയുടെ കുടുംബം ആരോപിക്കുന്നു.

ആരാധാന നേരത്തെയും കഠിനമായ ഉപവാസം അനുഷ്ഠിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അന്ന് 41 ദിവസത്തെ വൃതമാണ് ആരാധനയെടുത്തത്. ആരാധനയുടെ ഉപവാസം 68 ദിവസം തികച്ചതിന്റെ ആഘോഷങ്ങളിൽ ഒരു തെലങ്കാന മന്ത്രിയും എംപിയും പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.