ദീപാവലിക്ക് “മെയ്ഡ് ഇന്‍ ഇന്ത്യ” പടക്കങ്ങൾ മതി;ദീപാവലി വേളയിൽ സ്വദേശി ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.

single-img
4 October 2016

1352801017_narendra-modi-dipawaliന്യുഡല്‍ഹി: ദീപാവലി വേളയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പാകിസ്താന് പിന്തുണ നല്‍കുന്ന ചൈനയ്ക്ക് ദീപാവാലി വിപണിയില്‍ തിരിച്ചടി നല്‍കാനാണ് പുതിയ നീക്കം. ബിജെപി എംപിമാര്‍ക്ക് അയച്ച കത്തിലാണ് മോദി ഈ കാര്യം ഉന്നയിച്ചത്. ബിജെപി സംഘടനാ തലത്തിലും ഈ സന്ദേശം പ്രചരിപ്പിക്കും.

പാക്കിസ്ഥാനു ജലം വിട്ടുകൊടുക്കുന്ന സിന്ധു നദീജല കരാർ പുനഃപരിശോധിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തതിനു തിരിച്ചടിയെന്നോണം ചൈന ബ്രഹ്മപുത്ര പോഷകനദി തടഞ്ഞു വൈദ്യുത പദ്ധതി ആരംഭിക്കാനൊരുങ്ങിയതും ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ഭീകരവാദ ആക്രമണങ്ങളില്‍ പാകിസ്താന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന.

ബിജെപി എംപിമാർക്ക് അയച്ച കത്തിലും രാജ്യത്തെ ജനങ്ങളെയെല്ലാം അഭിസംബോധന ചെയ്താണ് മോദി സന്ദേശം നൽകുന്നത്. ഇത്തവണ ദീപാവലി വേളയിൽ വീടുകളിൽ ഉപയോഗിക്കുന്ന വിളക്കുകളും അലങ്കാരങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളുമെല്ലാം ഇന്ത്യയിൽ തന്നെ നിർമിച്ചവയാണെന്ന് ഉറപ്പു വരുത്തണമെന്നാണു മോദിയുടെ അഭ്യർഥന. ഇത്തരം ചെറിയ ചുവടുകളിലൂടെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാമതെത്തുമെന്നും മോദി പറയുന്നു.