സ്വാശ്രയ സമരം:എംഎൽഎമാരുടെ ആരോഗ്യസ്ഥിതി വഷളായി;പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌കരിച്ചു.

single-img
4 October 2016

14469451_10208413936679359_5065529588804873792_nതിരുവനന്തപുരം: സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി വഷളായി തുടരുകയാണു.ആരോഗ്യനില മോശമാണെങ്കിലും ഏഴാം ദിവസവും നിരാഹാര സമരം തുടരാനാണ് എം.എല്‍.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും തീരുമാനിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ സമീപനം മാറ്റിയാല്‍ സമരം തീരുമെന്ന് സഭ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞു. നിരാഹാര സമരം തുടരുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമാണെങ്കിലും അവര്‍ നിലപാടില്‍ ഉറച്ച് സമരം തുടരുകയാണ് . സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്ല സമീപനം സ്വീകരിച്ചാല്‍ സമരം തീരും. അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാശ്രയ പ്രശ്‌നം പരിഹരിക്കാനുള്ള സന്ദര്‍ഭം പാഴാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെഡിക്കല്‍ മാനേജുമെന്റുകള്‍ വരെ അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിദ്യാര്‍ഥി, യുവജന സംഘടനകളും സമാന നിലപാട് സ്വീകരിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. എം.എല്‍.എമാരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.