കോഴി കോഴ കേസില്‍ മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; എഫ്ഐആർ റദ്ദാക്കണമെന്ന മാണിയുടെ ഹർജി തള്ളി

single-img
4 October 2016

k_m_mani_budget_2014
കോഴി നികുതി വെട്ടിപ്പും ആയുർവേദ ഉത്പന്നങ്ങളുടെ നികുതിയിളവുമായി ബന്ധപ്പെട്ടു വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.എം. മാണി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നികുതി ഇളവ് നല്‍കിയത് ചട്ടം ലംഘിച്ചാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കണ്ണും കാതും മനസ്സും തുറന്നുള്ള അന്വേഷണമാകണം വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴി ഫാം ഉടമകള്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. ജസ്റ്റീസ് ബി. കമാൽപാഷ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
പൗൾട്രി ഫാം ഉടമകളുടെ നികുതി പിഴത്തുക ഒഴിവാക്കിയെന്നും ആയുർവേദ ഉത്പന്നങ്ങൾക്കു നികുതിയിളവ് നൽകിയെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്‌ഥാന സമിതിയംഗം അഡ്വ. നോബിൾ മാത്യു നൽകിയ പരാതിയിലാണു മാണിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് 62 കോടിയുടെ നികുതി പിരിച്ചെടുക്കുന്നതില്‍ സ്റ്റേ നല്‍കി എന്ന കേസിലായിരുന്നു വിജിലന്‍സ് മാണിക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്. തോംസണ്‍ഗ്രൂപ്പിനെതിരെ 32 കോടിയുടെ നികുതി കേസായിരുന്നു വിജിലന്‍സ് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത് അടക്കാത്തതിനെ തുടര്‍ന്ന് പിഴയും പിഴ പലിഴയുമടക്കം 62 കോടി രൂപ നല്‍കേണ്ടി വരികയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു തോംസണ്‍ ഗ്രൂപ്പ് മാണിയെ സമീപിച്ചത്. മാണിയുടെ സ്റ്റേ നിര്‍ദേശം ലഭിച്ചതോടെ റവന്യൂറിക്കവറി നടത്തേണ്ട മുകുന്ദപുരം തഹസില്‍ദാര്‍ നടപടിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള റവന്യൂറിക്കവറിക്ക് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെ ഇത് ലംഘിച്ചുകൊണ്ടാണ് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി സ്റ്റേ ഓര്‍ഡറില്‍ ഉത്തരവിട്ടതെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.