ഭരണ തീരുമാനങ്ങളെടുക്കേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ആരോഗ്യമുണ്ടോ?ജയലളിതയുടെ ആരോഗ്യനില സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

single-img
4 October 2016

tamil-nadu-chief-minister-jayalalithaa_650x400_41464177079രോഗബാധിതയായി ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടണം. പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടാണ് കോടതിയുടെ നിര്‍ദേശം.

സുപ്രധാന ഭരണ തീരുമാനങ്ങളെടുക്കേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ആരോഗ്യമുണ്ടോയെന്നും ബോധാവസ്ഥയിലാണോയെന്നും കോടതി മുന്‍പാകെ അറിയിക്കണമെന്നാവശ്യപ്പെട്ട് രാമസ്വാമിയാണ് കോടതിയെ സമീപിച്ചത്.തമിഴ്‌നാടിന്റെ കൂടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആരോഗ്യനിലയെക്കുറിച്ച് ഇവര്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ട്രാഫിക് രാമസ്വാമി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ജയലളിതയുടെ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ശ്വസനസഹായി ഘടിപ്പിച്ചിട്ടുണ്ടെന്നും അണുബാധ കുറയ്ക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ തുടരുന്നതായും അപ്പോളോ ആശുപത്രി വെളിപ്പെടുത്തി.

കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഞായറാഴ്ച്ച ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ലണ്ടനില്‍ നിന്നും വിദഗ്ധ ഡോക്ടര്‍ ജയലളിതയെ ചികിത്സിക്കാന്‍ എത്തിയെന്നും ആശുപത്രി അറിയിച്ചു.