ഉമ്മന്‍ചാണ്ടിയേയും സുധീരനേയും എതിർത്താണു ഹർത്താൽ നടത്തിയതെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്;ഹർത്താൽ നടത്താൻ എല്ലാവർക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കി

single-img
4 October 2016

maxresdefault

യൂത്ത് കോണ്‍ഗ്രസിന്റെ സാശ്രയ സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ഹർത്താൽ നടത്തിയത് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റേയും‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും എതിർപ്പ് മറികടന്നെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള.ഹര്‍ത്താല്‍ നടത്തുന്നതിനോട് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോജിപ്പില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങില്‍ കരകുളം കൃഷ്ണപിള്ള വിശദമാക്കി. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണു നേതാക്കൾ ഹർത്താലിനു സമ്മതിച്ചത്.തിരുവനന്തപുരം ഡിസിസി ഓഫിസില്‍ നടന്ന ശശിതരൂരിന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിക്കുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

ഹര്‍ത്താലില്‍ കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കിയെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പറഞ്ഞു.സ്വാശ്രയ സമരം നടന്നതോടെ സംഘടന ഊര്‍ജസ്വലമായെന്നും കൃഷ്ണപിള്ള കൂട്ടിച്ചേർത്തു.

തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണു അരങ്ങേറിയത്. കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നുള്ള ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.തുറന്ന കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും എ.ടി.എം കൗണ്ടറുകൾ പൂട്ടിക്കുകയും ചെയ്തിരുന്നു.

ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഐസക്കിന്‍റെ വാഹനം ഹർത്താലനുകൂലികൾ തടഞ്ഞു. ബേക്കറി ജംഗ്ഷനിലായിരുന്നു വാഹനം തടഞ്ഞത്. മന്ത്രിയുടെ കാർ വരുന്നതുകണ്ട യു.ഡി.എഫ് പ്രവർത്തകർ വാഹനം തടയുകയായിരുന്നു.