നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവയ്പ്പും ഷെല്ലാക്രമണവും

single-img
4 October 2016
പാക് വെടിവയ്പ്പില്‍ പരിക്കേറ്റ ഗ്രാമവാസി

പാക് വെടിവയ്പ്പില്‍ പരിക്കേറ്റ ഗ്രാമവാസി

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും രൂക്ഷമായ ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നു. ഇന്ന് പുലര്‍ച്ചെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ജമ്മുവിലെ രാജൗരി ജില്ലയിലെ നൗഷരാ പ്രദേശത്തുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ 120 എംഎം. 82 എംഎം മോര്‍ട്ടാര്‍ ഷെല്ലുകളാണ് ഉപയോഗിക്കപ്പെട്ടത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്‍വാങ്ങിയെന്നാണ് അറിയുന്നത്. ഒരു മണിക്കൂറോളം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു ഗ്രാമവാസിക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്നലെയും പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. പുലര്‍ച്ചെ പുഞ്ച് സെക്ടറിലെ വെടിവയ്പ്പില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിരവധി കടകള്‍ക്കും തീപിടിച്ചു. പാക് അധിനിവേശ കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇരുസേനകളും തമ്മില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.