ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു

single-img
4 October 2016

abu-bakr-al-baghdadi
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഐഎസിന്റെ തലവനെയും നേതൃനിരയിലെ മൂന്ന് കമാന്‍ഡര്‍മാരെയും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്താനാണ് ശ്രമമുണ്ടായതെന്ന് ഇറാന്‍, അറബ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ബാഗ്ദാദിക്കൊപ്പം വിഷബാധയേറ്റ മൂന്ന് ഐഎസ് കമാന്‍ഡര്‍മാര്‍ ആരൊക്കെയാണെന്ന് അറിവായിട്ടില്ല.

സംശയിക്കപ്പെടുന്ന നിരവധി പേരെ ഐഎസ് അറസ്റ്റ് ചെയ്തെങ്കിലും യഥാര്‍ത്ഥപ്രതി ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇറാഖിലെ നൈന്‍വേ ബിയാജ് ജില്ലയിലാണ് സംഭവം നടന്നത്. ബാഗ്ദാദി ഉള്‍പ്പെടെ നാല് പ്രധാന കമാന്‍ഡര്‍മാര്‍ക്ക് കടുത്ത വിഷബാധയേറ്റെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ചികില്‍സയ്ക്കും മറ്റുമായി ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തവരെ കണ്ടെത്താനുള്ള ശ്രമം ഐഎസ് ആരംഭിച്ചത്.

അല്‍ഖ്വയ്ദയില്‍ നിന്ന് അകന്നുമാറി മറ്റൊരു ഭീകര സംഘടനയായി ഇസ്ലാമിക് സ്റ്റേറ്റിന് രൂപം നല്‍കി ലോകത്തിലെ ഏറ്റവും വിനാശകരവും സമ്പന്നവുമായ ഭീകരസംഘടനയാക്കി ഐഎസിനെ മാറ്റിയത് അബൂബക്കര്‍ അല്‍ബാഗ്ദാദിയാണ്. നേരത്തെ യുഎസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ പലവട്ടം ഉയര്‍ന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖലീഫയായി അറിയപ്പെടുന്ന ബഗ്ദാദി വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിരന്തരം ഇറാഖിലും സിറിയയിലുമായി സ്ഥലം മാറിയാണ് കഴിയുന്നത്.

വടക്കന്‍ ബാഗ്ദാദില്‍ 1971ല്‍ ആണ് ബാഗ്ദാദിയുടെ ജനനം. ഇബ്രാഹിം ആവാദ് ഇബ്രാഹിം എന്നായിരുന്നു പേര്. 2011ല്‍ യുഎസ് ഭീകരനായി പ്രഖ്യാപിച്ച ബാഗ്ദാദിയുടെ തലയ്ക്ക് 10 മില്യണ്‍ ഡോളറും വിലയിട്ടിട്ടുണ്ട്. ബാഗ്ദാദി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പറയപ്പെടുന്നു.