ഭീകരര്‍ നുഴഞ്ഞു കയറിയതായി സംശയം; പഞ്ചാബില്‍ ഉപേക്ഷിക്കപ്പെട്ട ബോട്ട് കണ്ടെത്തി

single-img
4 October 2016

alert

ഇന്ത്യ-പാക് അതിര്‍ത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിട്ടും ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി സംശയം. ഇന്ന് രാവിലെ പഞ്ചാബിലെ ടോട്ട ഗുരു പോസ്റ്റിലെ രാവി നദിയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട പാക് ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ-പാക് അതിര്‍ത്തി പങ്കിടുന്ന നദിയാണ് രാവി നദി. ഇതിനിടെ രണ്ട് പാകസ്ഥാന്‍ ബോട്ടുകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങള്‍ ലക്ഷ്യമാക്കി കറാച്ചിയില്‍ നിന്നും പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാവികസേനയോടും തീരസംരക്ഷണ സേനയോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കറാച്ചിയില്‍ നിന്നും പുറപ്പെട്ട ബോട്ടുകളില്‍ ഒന്ന് തകരാറിനെ തുടര്‍ന്ന് കടലില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഒഴുക്കില്‍പ്പെട്ട് വന്നതാകാമെന്നും ബിഎസ്എഫ് ഐജി അനില്‍ പലിവാല്‍ അറിയിച്ചു. പിടിച്ചെടുത്ത ബോട്ടിനുള്ളില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാറാഴ്ച ഗുജറാത്ത് തീരത്ത് നിന്നും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഒരു പാക് ബോട്ട് പിടികൂടിയിരുന്നു. ബോട്ടും അതിലെ ഒമ്പത് ജീവനക്കാരെയും കൂടുതല്‍ അന്വേഷണത്തിനായി പോര്‍ബന്തറിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.