പാകിസ്ഥാനില്‍ നിന്നും പന്ത്രണ്ടുകാരന്‍ അതിര്‍ത്തി കടന്നെത്തി; ഇന്ത്യ തിരിച്ചേല്‍പ്പിച്ചു

single-img
4 October 2016
മുഹമ്മദ് തന്‍വീറിനെ പാകിസ്ഥാന് കൈമാറാനായി ഹുസൈന്‍വാല അതിര്‍ത്തിയില്‍ എത്തിച്ചപ്പോള്‍

മുഹമ്മദ് തന്‍വീറിനെ പാകിസ്ഥാന് കൈമാറാനായി ഹുസൈന്‍വാല അതിര്‍ത്തിയില്‍ എത്തിച്ചപ്പോള്‍

വെള്ളം കുടിക്കാനായി അതിര്‍ത്തി കടന്നെത്തിയ പന്ത്രണ്ടുകാരനെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് തിരിച്ചേല്‍പ്പിച്ചു. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ ലോകത്തിന് മുന്നില്‍ ഏറെ മാതൃകാപരമാകുകയാണ് ഇന്ത്യയുടെ നടപടി.

ഞായറാഴ്ച കന്നുകാലികളെ തീറ്റിക്കുന്നതിനിടെ മുഹമ്മദ് തന്‍വീര്‍ എന്ന ബാലനാണ് അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയത്. വെള്ളം കുടിക്കാനായിരുന്നു തന്‍വീര്‍ അതിര്‍ത്തി കടന്നതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന കുട്ടി പഞ്ചാബിലെ ഫിഫറോസ്പുരിലുള്ള മംദോത്ത് മേഖലയിലെ തെലുമല്‍ ബോര്‍ഡര്‍ പോസ്റ്റിലാണ് എത്തിച്ചേര്‍ന്നത്. സൈനികരുടെ കണ്ണില്‍പ്പെട്ട കുട്ടിയെ ഇന്ന് രാവിലെയോടെ മാനുഷിക പരിഗണന കണക്കിലെടുത്ത് പാക് റെയ്‌ഞ്ചേഴ്‌സിന് കൈമാറിയതായി പഞ്ചാബ് അതിര്‍ത്തി ബിഎസ്എഫ് ഡിഐജി ആര്‍ എസ് കതാരിയ അറിയിച്ചു. പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ കസൂര്‍ ജില്ലയിലെ ധരി സ്വദേശിയാണ് തന്‍വീര്‍.

ഉറി ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടതിന് പിന്നാലെ പാകിസ്ഥാനിലേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഒരു ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. ജവാന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയിലും അതിര്‍ത്തിയിലെ പാക് പ്രകോപനം തുടരുകയാണ്.