ഇടമലക്കുടിയില്‍ നിന്നും വീണ്ടും നരബലിവാര്‍ത്ത; മൂന്ന് പെണ്‍കുട്ടികളെ നരബലിക്ക് വിധേയമാക്കിയതായി ആരോപണം

single-img
3 October 2016

sacrifice
ഇടുക്കി: ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലിക്ക് വിധേയമാക്കിയെന്ന പരാതിയുമായി മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന സംഘടന രംഗത്തെത്തി. ഗോത്ര ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെണ്‍കുട്ടികളെ ബലികൊടുത്തതെന്നും എട്ട് മാസത്തിനുള്ളിലാണ് മൂന്ന് ബലികള്‍ നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കേരളത്തില്‍ നിന്നും അന്യമായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങളെന്ന് സംഘടന അറിയിച്ചു. നരബലി എന്ന ഭീകരാചാരം ഇന്നും നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കുന്ന സത്യമാണെന്നും സംഘടനാ നേതൃത്വം വിശദീകരിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സൗമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടുക്കിയിലെത്തിയപ്പോഴാണ് നരബലി നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സംഘടന പറയുന്നു. സംഘടനയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്ര ഉത്തരവിട്ടു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ശിശുക്ഷേമ വകുപ്പ്, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സിഐ സാം ജോര്‍ജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജി എന്നിവരാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘം ഇടമലക്കുടിക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ആദിവാസി വര്‍ഗത്തില്‍പ്പെട്ട മുതുവാന്‍ ഗിരിവര്‍ഗക്കാരാണ് ഇവിടെയുള്ളത്. വനത്തില്‍ പലയിടങ്ങളിലായുള്ള 38 കോളനികളിലാണ് ഇവര്‍ താമസിക്കുന്നത്. ആകെ 13 വാര്‍ഡുകള്‍. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 656 വീടുകളുള്ള ഇവിടെ 1412 പേരാണ് വോട്ടവകാശമുള്ളവര്‍. ഇതില്‍ പുരുഷന്മാര്‍ 731, സ്ത്രീകള്‍ 681, സാക്ഷരത 20 % മാത്രം. റോഡ്, വൈദ്യുതി, ടെലിഫോണ്‍ എന്നിവ ഇവിടങ്ങളില്‍ എത്തിയിട്ടില്ല. ചില മലഞ്ചരുവുകളില്‍ നിന്ന് തമിഴ് നാട്ടിലെ മൊബൈല്‍ ടവ്വര്‍ വഴി പുറം ലോകവുമായി ബന്ധപ്പെടാം. എല്ലാ സാധനങ്ങളും തലച്ചുമട് ആയാണ് ഇവിടെ എത്തിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും മാത്രമുള്ള ഈ വിഭാഗം കണ്ണീരും പേറി ജീവിതം തള്ളിനീക്കുകയാണ്.