മുന്‍നിര ഇന്ത്യന്‍ കമ്പനികളില്‍ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു

single-img
3 October 2016

corporate
ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നിഫ്റ്റിയില്‍ ആദ്യത്തെ 50ല്‍ നില്‍ക്കുന്ന കമ്പനികളിലെ സ്ത്രീ ജീവനക്കാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഐടി, ബാങ്കിംഗ് കമ്പനികളില്‍ 80% വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വരുന്നതായി കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 525 പരാതികളാണ് ആകെ ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26% വര്‍ദ്ധനവാണ് ഇത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് വിപ്രോയില്‍ നിന്നാണ്. 111 പരാതികളാണ് വിപ്രോയിലെ വനിതാ ജീവനക്കാര്‍ നല്‍കിയത്. 87 പരാതികളുമായി ഐസിഐസിഐ ബാങ്ക് രണ്ടാം സ്ഥാനത്തും 62 പരാതികളുമായി ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്തുമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ടിസിഎസിലും പരാതികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായി.

സ്ത്രീ ജീവനക്കാര്‍ ജോലിസ്ഥലത്തു നേരിടുന്ന പീഡനങ്ങള്‍ തടയാനായി 2013ല്‍ നടപ്പിലാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്തു വിട്ടത്. ഇത് രണ്ടാമത്തെ തവണയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്. ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി ടിസിഎസ് പറഞ്ഞു. എന്നാല്‍ 10% മുതല്‍ 15% വരെ കമ്പനികള്‍ ഈ നിയമം പാലിക്കാന്‍ സന്നദ്ധരായിട്ടില്ലെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഭാരതത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതിന് കോര്‍പ്പറേറ്റ് ലോകത്തുനിന്നും കൂടി തെളിവുകള്‍ ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.