ജിതേഷിനെ തേടി കേരളത്തിനു പുറത്തു നിന്നും ഹൃദയമെത്തി

single-img
3 October 2016

lisiehospital

കാത്തിരിപ്പിനൊടുവില്‍ തമിഴ്നാട്ടില്‍ നിന്നും എറാണകുളം ലിസി അശുപത്രിയിലേക്ക് ജിതേഷിനെ തേടി നിര്‍മ്മലിന്റെ ഹൃദയമെത്തി. ജിതേഷിന് ഹൃദയം തേടി സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ അഭ്യര്‍ത്ഥന നടത്തിയത് വളരെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ച്ചയായ ഹൃദായഘാതങ്ങളാണ് ഐ.ടി ജീവനക്കാരനായ ജിതേഷിന്റെ ഹൃദയത്തെ അപകടത്തിലെത്തിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന അസുഖമാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ജിതേഷിന്. ഹൃദയം ലഭിക്കാത്തതിനാല്‍ താത്കാലികമായി ഉപകരണം ഘടിപ്പിച്ചായിരുന്നു ജിതേഷ് ജീവിച്ചിരുന്നത്.

ഹൃദയം മാറ്റി വയ്ക്കുകയോ കൃത്രിമ ഹൃദയം ഘടിപ്പിക്കുകയോ മാത്രമാണ് ഈ അസുഖത്തിനുള്ള പ്രതിവിധി. ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ള ദാതാവിന്റെ ഹൃദയമാണ് ആവശ്യം. അതും 20 ദിവസത്തിനുള്ളില്‍. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

ഈ സമയത്താണ് ഈറോഡില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ നിര്‍മ്മല്‍ എന്ന പതിനേഴു വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. അവയവ ദാനത്തിന്റെ പ്രസക്തി അറിഞ്ഞ് നിര്‍മ്മലിന്റെ മാതാപിതാക്കള്‍ അതിനു തയ്യാറാവുകയായിരുന്നു. സംഭവത്തിന്റെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരുന്നു. കേരളത്തിന് പുറത്തുനിന്നും ആദ്യമായാണ് ഹൃദയം കേരളത്തിലെ ഒരു ആശുപത്രിയില്‍ എത്തുന്നത്.