സ്വാശ്രയം: സഭയില്‍ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

single-img
3 October 2016

udf-jpg-image-784-410

സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയിലെ പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നു. നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരുടെ ആരോഗ്യനില വഷളായിരിക്കുകയാണെന്നും ചോദ്യോത്തര വേള റദ്ദാക്കി പ്രശ്‌നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

ഇത് നിരാകരിക്കപ്പെട്ടതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. അതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ചു. പിന്നീട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ബാലന്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച വിജയിച്ചില്ല. സഭാ നടപടികള്‍ തടസ്സപ്പെടുന്നതിനോട് യോജിപ്പില്ലെങ്കിലും നിരാഹാരം നടത്തുന്ന എംഎല്‍എമാര്‍ക്ക് വേണ്ടി തങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് പ്രതിനിധികള്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സഭ വിട്ടിറങ്ങിയത് ശ്രദ്ധേയമായി.

സ്വാശ്രയപ്രശ്‌നം അവസാനിപ്പിക്കാനല്ല പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പരിയാരത്തെ മുപ്പത് കുട്ടികളുടെ പേരിലാണ് ഇപ്പോള്‍ സമരം. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഫീസ് കുറയും. തലവരിപ്പണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം നിയമസഭയില്‍ പ്രസ്താവിച്ചു. സര്‍ക്കാരിന് പിടിവാശിയുള്ളത് വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യത്തില്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ സ്വാശ്രയ കോളേജ് പ്രശ്‌നത്തില്‍ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ ആരോഗ്യനില വഷളായതായി അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. അനൂപ് ജേക്കബ് എംഎല്‍എയും നിരാഹാരത്തിനുണ്ടായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാരിന് മേലുള്ള സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി സി ദിവാകരന്‍ എംഎല്‍എയും മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ച ദിവാകരന്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തും.