വിഎസിന് കാര്യങ്ങള്‍ മനസിലാകില്ലെന്ന് ഇ പി ജയരാജന്‍

single-img
2 October 2016

ep

തിരുവനന്തപുരം: സ്വാശ്രയഫീസ് പ്രശ്‌നത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന് കാര്യങ്ങള്‍ മനസിലാകില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. കാര്യങ്ങള്‍ മനസിലാകുന്ന ഒരു വ്യക്തിക്കോ രാഷ്ട്രീയ നേതാവിനോ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു ജയരാജന്റെ മറുപടി.

ഇന്ന് രാവിലെ സര്‍ക്കാര്‍ ഇടപെട്ട് ഈ വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ജയരാജന്റെ പ്രസ്താവന. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സമരമാണ് നടക്കുന്നത്. സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചുകഴിഞ്ഞെന്നും ഇനി അനുരഞ്ജനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേറി നാല് മാസം കൊണ്ട് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കാനാണ് പ്രതിപക്ഷം ബോധപൂര്‍വം സഭാനടപടികള്‍ അലങ്കോലപ്പെടുത്തുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

വിഎസിന്റെ പ്രസ്താവന അമ്പരപ്പിച്ചെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രതികരണം. എന്ത് ഉദ്ദേശിച്ചാണ് വിഎസ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എംബി രാജേഷ് പറഞ്ഞു.