കണ്ണൂര്‍ കനകമലയില്‍ ഭീകരവാദികള്‍ പിടിയില്‍

single-img
2 October 2016
ഭീകരവാദികളെ പിടിച്ചതറിഞ്ഞ് കനല്‍ക്കുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങള്‍

ഭീകരവാദികളെ പിടിച്ചതറിഞ്ഞ് കനല്‍ക്കുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങള്‍

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായകനകമലയില്‍ നിന്നും ഭീകരവാദികളെ പിടികൂടി. തീവ്രവാദത്തിനായി ആയുധപരിശീലനം നടത്തുന്നതിനിടെയാണ് അഞ്ചു പേര്‍ എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്. ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് അറിയുന്നത്.

ഇവരെ കനകമലയില്‍ വച്ചുനടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ എന്‍ഐഎ സംഘം കൊണ്ടുപോയി. ഇവര്‍ വടകരയില്‍ നിന്നുമാണ് കനകമലയില്‍ എത്തിയതെന്നും ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഫോണ്‍ സിഗ്നലുകള്‍ പിന്തുടര്‍ന്നാണ് ഇവരെ കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. ഡിവൈഎസ്പി ഷൗക്കത്ത് അലി, അനുരഞ്ജ് താംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പുതന്നെ റെയ്ഡ് ആരംഭിച്ചിരുന്നു. അതേസമയം ഇവര്‍ക്ക് ഐഎസ്‌ഐഎസുമായി എത്രമാത്രം അടുപ്പമുണ്ടെന്ന് അറിയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യമൊട്ടാകെ ഭീകരപ്രവര്‍ത്തനത്തിനെതിരെ കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയുണ്ടായ ഈ സംഭവം കേരള പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. എന്നാല്‍ പോലീസിനെ പോലും പ്രദേശത്തേക്ക് അടുപ്പിക്കാതെ കനത്ത സുരക്ഷയിലായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം പിടിയിലായത് ആറുപേരാണെന്നും സൂചനയുണ്ട്.