രാജ്യദ്രോഹക്കുറ്റം ചുമത്തി ബര്‍ഖ ദത്തിന് നേരെ വധഭീഷണി; താന്‍ തന്റെ പണി ചെയ്യുമെന്ന് മറുപടിയും

single-img
2 October 2016

barkha_dutt_20160118_1
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് രാജ്യദ്രോഹിയെന്നാരോപിച്ച് നവമാധ്യമങ്ങളില്‍ വധഭീഷണി. ശനിയാഴ്ച ലഭിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫേസ്ബുക്കിലൂടെ ബര്‍ഖ തന്നെയാണ് പുറത്തുവിട്ടത്.

ഭീഷണിപ്പെടുത്തുന്നവരോട് ‘പോടാ ബാസ്റ്റര്‍ഡ്‌സ് ഞാനെന്റെ പണി ചെയ്യും’ എന്ന ചുട്ട മറുപടിയാണ് ബര്‍ഖ കൊടുത്തിരിക്കുന്നത്. മാത്രമല്ല വിഷം ചീറ്റല്‍ തുടരട്ടെയെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവുമായി താന്‍ മുന്നോട്ടു പോകുമെന്നും ബര്‍ഖാ ഫേസ്ബുക്കിലുടെ പറഞ്ഞു.

പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തിയ വിവരം പാകിസ്ഥാനെ അറിയിച്ചെന്ന ഡി.ജി.എം.ഒ രണ്‍ബീര്‍ സിങ്ങിന്റെ പ്രസ്താവന ബര്‍ഖ ദത്ത ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ കുറിച്ച് ബര്‍ഖ പാകിസ്ഥാനെ അറിയിച്ചെന്ന് വളച്ചൊടിച്ചാണ് കുപ്രചരണവും വധഭീഷണിയും.

ട്വിറ്ററിലുടെ അല്ലാതെ ഇന്ത്യയുടെ ഏതെങ്കിലും തെരുവില്‍ നിന്നും ബര്‍ഖ രാജ്യദ്രോഹം ചെയ്‌തെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും വെല്ലു വിളിച്ചിരിക്കുകയാണ് ഇവര്‍. ഇത്തരം ഭീഷണികളെ വിവരക്കേടായി കാണാനാവില്ലെന്നും മറിച്ച് വളരെ ആസൂത്രിതമായി വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും ഇത്തരത്തിലുള്ള ഭീഷണി സന്ദേശം തനിക്കെതിരായ ആക്രമണത്തിനുള്ള ആഹ്വാനമായിരിക്കാമെന്നും ബര്‍ഖ പറയുന്നു.