ഓര്‍മയുണ്ടോ ഈ കുഞ്ഞു ലെവിതയെ..

single-img
2 October 2016

levitha

സ്വപ്നങ്ങളിലേക്ക് പറക്കാന്‍ ചിറകുകളില്ലാതെ പൊന്നുമകളെ നെഞ്ചോട് ചേര്‍ത്തു കരയുന്ന ഒരച്ഛനുണ്ടിവിടെ. അനുവദിച്ചു കിട്ടിയ ഭൂമിയ്ക്കായ് കയറിയിറങ്ങാത്ത വാതിലുകളില്ല. ദാരിദ്ര്യവും വേദനയും പേറി കരഞ്ഞ് കലങ്ങിയ കണ്ണുമായി കേഴുന്ന അച്ഛന്‍. ”എന്റെ ഉവ്വാവു എന്ന് മാറും” എന്ന മകളുടെ ചോദ്യത്തിനു മുന്നില്‍ കളമശ്ശേരി സ്വദേശി ലൈബിന്‍ പലപ്പോഴും പകച്ചുപോകുകയാണ്.

മകളുടെ അപൂര്‍ണമായ ത്വക്ക് രോഗം കാരണം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച മൂന്ന് സെന്റ് സ്ഥലം ഭൂമാഫിയ തട്ടിയെടുത്തു. കളമശ്ശേരി പള്ളിലാംകര പുതുവനവീട്ടില്‍ ലൈബിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സ്ഥലമാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമാഫിയ കവര്‍ന്നെടുത്തത്.

2014 ജനുലരി 10ന് സുതാര്യകേരളം പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാക്കനാട് വില്ലേജ് ബ്ലോക്ക് നമ്പര്‍ 7ല്‍ റീസര്‍വ്വെ 31/21 പെട്ട മൂന്ന് സെന്റാണ് ലൈബിന് അനുവദിച്ചത്. കാക്കനാട് പള്ളിക്കര റോഡില്‍ നവോദയ ജംഗ്ഷന് സമീപത്താണ് സ്ഥലം. എന്നാല്‍ അവിടെയുണ്ടായിരുന്ന ഏഴര സെന്റ് ഭൂമിയും മറിച്ച് വിറ്റിരിക്കുകയാണ്.

ഓട്ടോറിക്ഷാ ഡ്രൈവറായ ലൈബിന്‍ കെ വിയുടെ മകള്‍ ലെവിതയ്ക്ക് ത്വക്ക് കൊഴിഞ്ഞ് പോകുന്ന അപൂര്‍വ്വ അസുഖമാണ്. ഈ സംഭവം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സ്ഥലം അനുവദിക്കാന്‍ തീരുമാനമായത്. സ്വന്തമായി സ്ഥലം അതില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു വീട്, സ്വന്തമായി ഓട്ടോറിക്ഷ, അമ്മയ്ക്കും മകള്‍ക്കും പെന്‍ഷന്‍ എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. ലെവിതയുടെ രോഗത്തിന് എയര്‍ കണ്ടീഷന്‍ ചെയ്ത വീട്ടിലേ താമസിക്കാനാകൂ.

കഴിഞ്ഞ മാസം മറ്റൊരു സ്ഥലം തരാമെന്ന വാഗ്ദാനവുമായി വില്ലേജ് ജീവനക്കാര്‍ വന്നപ്പോഴാണ് അനുവദിച്ച സ്ഥലം കാണാന്‍ ലൈബിന്‍ തീരുമാനിച്ചത്. ലൈബിന്‍ കണ്ടത് ഒരു വീടിന്റെ തറ കെട്ടലാണ്. സ്മാര്‍ട്ട് സിറ്റിക്ക് സ്ഥലം നല്‍കിയെന്നും ഇനിയൊന്നും നടക്കില്ല എന്നുമുള്ള മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

ഇതിനെ തുടര്‍ന്ന ്കളക്ട്രേറ്റില്‍ പോയി പരാതി പറഞ്ഞപ്പോഴും അന്വേഷിക്കട്ടെ എന്ന പതിവു മറുപടിയാണ് ലഭിച്ചതെന്ന് ലൈബിന്‍ പറയുന്നു. അപ്പോഴേക്കും ഈ സ്ഥലത്ത് രണ്ട് നിലയിലുള്ള ഒരു വീട് ഉയര്‍ന്നു കഴിഞ്ഞിരുന്നു.

ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് മകളുടെ ചികില്‍സക്കായുള്ള തുക. ഇപ്പോള്‍ നാലുവയസ്സുകാരിയായ മകള്‍ക്ക് മഞ്ഞപ്രയിലാണ് ചികിത്സ നല്‍കുന്നത്. ഒരു മാസം 20,000 രൂപ വരെ ചിലവു വരുന്ന മരുന്ന് ലണ്ടനില്‍ ലഭ്യമാണ്. അത് സ്വപ്നം കാണാന്‍ പോലും ലൈബിനാവില്ല. ജീവിതത്തില്‍ ആഹ്ലാദം നല്‍കി മകള്‍ക്ക് കളിക്കൂട്ടുകാരനായി ഒരു മകന്‍ നാലുമാസം മുന്‍പ് പിറന്നു. ജീവിതത്തിന്റെ വഴിയെന്തെന്നറിയാതെ പകച്ചുനില്‍ക്കുകയാണു ലൈബിന്‍. വാടക വീട്ടിലാണ് ലൈബിന്‍ ഇപ്പോള്‍ താമസിക്കുന്നത്. മാസം 6500 രൂപ പോലും വാടക കൊടുക്കാന്‍ ഈ കുടുംബത്തിന് കഴിയുന്നില്ല. ലെവിതയുടെ ചര്‍മ്മത്തിന് തണുപ്പ് ആവശ്യമായതിനാല്‍ ലൈബിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു എസി വാങ്ങിയിട്ടുണ്ട്.

വാക്കുകളില്‍ മാത്രമൊതുങ്ങുന്ന വാഗ്ദാനങ്ങള്‍ക്ക് ഒരു രക്തസാക്ഷിയെ കൂടിയാണ് ലൈബിനിലൂടെ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ 50000 രൂപ ലഭിച്ചിരുന്നു. ലൈബിന്റെയും അനിതയുടെയും ഏകമകളായ ലെവിത ജനിച്ചതിന് ശേഷം കണ്ണടച്ചിട്ടില്ല. കണ്‍പീലികള്‍ ചലിപ്പിക്കാന്‍ കഴിയില്ല.

അസുഖമെല്ലാം മാറി കുഞ്ഞനിയനോടൊപ്പം ചിരിച്ച് ഓടിക്കളിക്കുന്ന മകളെ തിരിച്ച് കിട്ടാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് ഈ അഛനും അമ്മയും. ഇനിയെങ്കിലും അധികൃതര്‍ കണ്ണുതുറക്കുക.

സുമനസ്സുകള്‍ കനിയുമെന്നാണ് ഇപ്പോഴും ഈ മാതാപിതാക്കളുടെ പ്രതീക്ഷ.
ഫോണ്‍ നമ്പര്‍ 9633324729, ലൈബിന്‍ കെ വി, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍- 1487010131438