ശ്രീകണ്ഠന്‍നായര്‍ ഷോ തന്നെ അപമാനിക്കാനായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ്

single-img
2 October 2016

super-star-santhosh-pandit

അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു ഫ്ളവേഴ്‌സ് ചാനലിലെ ശ്രീകണ്ഠന്‍ നായര്‍ ഷോയ്ക്കിടെ സന്തോഷ് പണ്ഡിറ്റിനെ അന്‍പേതാളം മിമിക്രി കലാകാരന്‍മാര്‍ കൂട്ടമായായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയും, ചലച്ചിത്ര താരങ്ങളായ അജു വര്‍ഗീസ്, സിഥാര്‍ത്ഥ് മേനോന്‍ എന്നിവര്‍ സന്തോഷിന് പിന്തുണയുമായി എത്തിയിരുന്നു.

ചാനലിന്റെ റേറ്റിംഗ് ആയിരുന്നു പരിപാടിയുടെ ലക്ഷ്യം. അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ സംസാരിച്ചത് പൂര്‍ണ്ണമായും മിമിക്രിക്കാരുടെ സൈഡില്‍ നിന്നായിരുന്നു. സത്യത്തില്‍ ഫ്ളവേഴ്‌സിന്റെ ഫ്‌ളോറില്‍ എത്തിയപ്പോഴാണ് മിമിക്രിക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത്. എന്നാല്‍ ഉര്‍വശി ശാപം ഉപകാരമായി എന്ന പോലെ പരിപാടി പുറത്തു വന്നതിനു ശേഷം പൊതുജനങ്ങള്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ഇതിനുമുമ്പ് ഏഷ്യാനെറ്റിന്റെ ഒരു പരിപാടിയിലും തനിക്ക് സമാനമായ അനുഭവമുണ്ടായെന്നാണ് സന്തോഷ് പറയുന്നത്. ഞാന്‍ സിനിമയെടുത്താല്‍ അത് ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി. എന്നെ വിമര്‍ശിക്കുന്നവര്‍ എന്റെ സിനിമ കാണണ്ട. അല്ലാതെ താന്‍ എന്തിനാടോ സിനിമ എടുത്തത് എന്നു ചോദിക്കാന്‍ അവര്‍ക്ക് അവകാശമില്ല. മാത്രമല്ല സന്തോഷ് പണ്ഡിറ്റിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അവരോട് ഇപ്പോള്‍ പറയാന്‍ തോന്നുന്നത്. ഈ പറയുന്നവര്‍ക്ക് അഞ്ച് മിനിറ്റ് ഉള്ള ഒരു ഡോക്യുമെന്ററി എടുക്കാന്‍ പോലും ധൈര്യമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് മിമിക്രി താരങ്ങള്‍ പറയുന്നത്. അവരോടൊപ്പം മിമിക്രികളില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കുന്നില്ല പോലും. ഇപ്പോഴും ആണുങ്ങള്‍ പെണ്‍വേഷം കെട്ടിയാണു മിമിക്രികളില്‍ അഭിനിയിക്കുന്നത്. അതിനു താന്‍ എന്തുചെയ്യണമെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

നിരാശയെ മുതലെടുത്തുള്ള പരിപാടിയായിരുന്നു അത്. നിരാശരായ മിമിക്രിക്കാരെ വച്ചുള്ള ഷോ. അവരെല്ലാം കൂടി ഒറ്റപ്പെടുത്തി എന്നെ പ്രകോപിപ്പിക്കുകയായിരുന്നു. അതിന് എന്റെ കയ്യില്‍ തെളിവില്ല. എന്നാല്‍ ഒരു ഉച്ചഭക്ഷണം മിമിക്രി താരങ്ങള്‍ക്കും എനിക്ക് കാശും ഇത്രയേ പരിപാടിയെ കുറിച്ചു കാണുന്നുള്ളു. എല്ലാ മിമിക്രി താരങ്ങളും ഇത്തരക്കാരല്ല. പേരും പ്രശസ്തിയുമുള്ള ഒട്ടേറെ നല്ല ആര്‍ട്ടിസ്റ്റുകളുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.