ഫേസ്ബുക്കിലെ രാജ്യദ്രോഹ പോസ്റ്റ്: യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

single-img
2 October 2016
ഷാഹുലിന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് താഴെ

ഷാഹുലിന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് താഴെ

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാശ്മീരില്‍ മിന്നലാക്രമണയതിന് പിന്നാലെ ഫേസ്ബുക്കില്‍ ഇന്ത്യന്‍ സൈന്യത്തെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ട യുവാവിനെതിരെ വിഴിഞ്ഞം പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. വിഴിഞ്ഞം സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 29ന് ഷാഹുല്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതായി പ്രചരിക്കുന്ന പോസ്റ്റിന്റെ ചിത്രങ്ങളാണ് അറസ്റ്റിന് ആധാരം. പാകിസ്ഥാന് എതിരെ ആക്രമണം അഴിച്ചുവിടുകയാണ് ഇന്ത്യന്‍ സൈന്യമെന്നും ഇന്ത്യയില്‍ ജനിച്ചതില്‍ ദുഖിക്കുന്നുവെന്നുമാണ് ഷാഹുലിന്റേതായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോയില്‍ പറയുന്നത്. അതേസമയം ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട അതേസമയത്ത് തന്നെ ഷാഹുലിന്റെ പേജില്‍ മറ്റൊരു പോസ്റ്റാണ് ഇട്ടിരിക്കുന്നത്. ഫേസ്ബുക്കിലെ തന്റെ പോസ്റ്റ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് തിരുത്തിയാണ് കുപ്രചരണം നടക്കുന്നതെന്ന് അന്നു തന്നെ ഷാഹുല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയോടെ അറസ്റ്റും രേഖപ്പെടുത്തി. അതേസമയം പോസ്റ്റ് ഷാഹുല്‍ തന്നെ ഇട്ടതാണോയെന്ന് സ്ഥിരീകരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റുനടപടികളെന്ന് എസിപി ശിവവിക്രം ഇ-വാര്‍ത്തയോട് പറഞ്ഞു.