ഫെയ്സ്ബുക്കില്‍ വീണ്ടും വൈറസ് ആക്രമണം

single-img
2 October 2016

fb

കൊച്ചി: ഫേസ്ബുക്കില്‍ വീണ്ടും വൈറസ് പ്രവാഹം. മുമ്പത്തേ പോലെ അശ്ലീല വീഡിയോ ലിങ്ക് ഉള്‍പ്പെടുന്ന മെസേജുകളായാണ് ഇത്തവണയും മാല്‍വെയറുകള്‍ വ്യാപിക്കുന്നത്. ഇന്നലെ നിരവധി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കാണ് ഇത്തരം മെസേജുകള്‍ കിട്ടിയത്. കൂടുതല്‍ പേര്‍ക്കും അവരുടെ ചാറ്റ് ബോക്സില്‍ ഫോട്ടോയും പേരും ഉള്‍പ്പെടെ നിങ്ങളുടെ വീഡിയോ എന്നപേരില്‍ സുഹൃത്തുക്കള്‍ അയച്ച മെസേജായാണ് വൈറസ് വീഡിയോ ലിങ്ക് എത്തുന്നത്.

ചിലത് ഓപ്പണ്‍ ചെയ്താല്‍ അശ്ലീല വീഡിയോകളിലേക്കാണ് നയിക്കുക. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ യൂസറിന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അവരുടെ പേരും ചിത്രവുമടങ്ങുന്ന മെസേജുകള്‍ എത്തും. ഒരാള്‍ക്ക് തന്നെ ഇത്തരത്തിലുള്ള നിരവധി മെസേജുകള്‍ എത്തുന്നുണ്ട്.

ഇത്തരം ലിങ്കുകള്‍ തുറക്കാതിരിക്കുകയാണ് പ്രാഥമികമായി ചെയ്യാനാവുന്ന സുരക്ഷാ നടപടിയെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ഇത്തരം വീഡിയോ ലിങ്കുകളുടെ രൂപത്തില്‍ മുമ്പും വൈറസ് ആക്രമണം ഉണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റില്ലാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കാമെന്ന മെസേജുകളിലൂടെ മുമ്പ് വാട്സ് ആപ്പില്‍ വൈറസ് വ്യാപിച്ചിരുന്നു. നിലവില്‍ സംഘടിതമായ വൈറസ് ആക്രമണം നടക്കുന്നതായി ഫേസ്ബുക്ക് അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു.