സ്വാശ്രയസമരം: സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് വിഎസ്

single-img
2 October 2016
നിയമസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചപ്പോള്‍

നിയമസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: സ്വാശ്രയ സമരത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരെ വിഎസ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ പരസ്യ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

നിയമസഭാ കവാടത്തില്‍ നടക്കുന്ന എംഎല്‍എമാരുടെ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലെത്തി. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് ഇപ്പോള്‍ നിരാഹാരമിരിക്കുന്നത്. അനൂപ് ജേക്കബും നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. മഞ്ഞപ്പിത്ത ബാധയ്ക്കുള്ള സാധ്യത ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അനൂപിനെ സമരത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. ലീഗ് എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ ഇവര്‍ക്ക് പിന്തുണയുമായി അനുഭാവ സത്യാഗ്രഹം നടത്തുന്നുണ്ട്. അതേസമയം ഫീസ് കുറച്ചുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് തന്നെയാണ് ഇപ്പോഴും സര്‍ക്കാരിന്റെ നിലപാട്.