ഐഫോണ്‍ 7 വാങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം

apple-iphone-7

ആപ്പിളിന്റെ പുത്തന്‍ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍ 7, 7 പ്ലസ് എന്നിവയുടെ പ്രീ ബുക്കിംഗ് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പനയാരംഭിച്ചുവെങ്കിലും ഐഫോണ്‍ സ്വന്തമാക്കാന്‍ ഇന്ത്യയില്‍ ഇത് വരെ അവസരമൊരുങ്ങിയിരുന്നില്ല. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ ഐഫോണ്‍ ലഭിച്ചു തുടങ്ങുമെന്ന് കരുതുന്നു.

സെപ്റ്റംബര്‍ 29 അര്‍ദ്ധരാത്രി മുതലാണ് ഐഫോണ്‍ 7 മോഡലുകളുടെ പ്രീ ബുക്കിംഗ് ഫ്‌ളിപ്പ്കാര്‍ട്ട് ആരംഭിച്ചത്. ആപ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഫോണ്‍ വില്‍പ്പനയ്ക്കായി ഒരു ഇന്ത്യന്‍ ഇ-കൊമേഴ്സ് സൈറ്റിന്റെ സേവനം തേടുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിരവധി ആളുകള്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങുന്നു എന്നതാണ് ഐഫോണിന്റെ വില്‍പ്പനയ്ക്കു ഫ്‌ളിപ്കാര്‍ട്ടിനെ ആശ്രയിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

60,000 രൂപയുടെ പ്രാരംഭ വിലയിലാണ് ഐഫോണ്‍ 7 മോഡലുകള്‍ ഇന്ത്യയിലെത്തുന്നത്. സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ വാങ്ങാന്‍ കഴിയുന്ന ഫോണിന്റെ 32 ജിബി, 128 ജിബി, 256 ജിബി വേരിയന്റുകള്‍ ഇന്ത്യയില്‍ ലഭ്യമാകും. പതിവ് കളറുകളില്‍ നിന്ന് വ്യത്യസ്തമായി ജെറ്റ് കറുപ്പ് നിറത്തിലും എത്തുന്ന ഐഫോണ്‍ 7 മോഡലുകള്‍ 128 ജിബി, 256 ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളില്‍ മാത്രമാകും വാങ്ങാന്‍ കഴിയുക.